കണ്ണൂർ: കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി ആരംഭിച്ച ഏഴിലോട്-പുതിയ പുഴക്കര റോഡ്, കുപ്പം-ചുടല-പാണപ്പുഴ-എടക്കോം റോഡിന്റെ പ്രവൃത്തി നീണ്ടുപോകുന്നതിൽ ജനങ്ങൾ ആശങ്കയിലാണ്. കരാറുകാരന്റെ മരണപ്പെട്ടതുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങൾ കാരണമാണ് രണ്ടു പ്രവൃത്തികളും വൈകിയത്. പ്രസ്തുത പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കാൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചന്തപുര-കണ്ണപുരം റോഡ്, തളിപ്പറമ്പ്-പട്ടുവം- ചെറുകുന്ന് റോഡ് പ്രവൃത്തി അന്തിമഘട്ടത്തിലാണ്. പൊതുമരാമത്ത് പ്രവൃത്തി നിർവഹിക്കുന്ന വെങ്ങര മൂലക്കീൽ കടവ് റോഡ് മെക്കാഡം ടാറിംഗ് പൂർത്തിയായി. കുപ്പം-പാറമ്മേൽ കടവ്-കാവുങ്കൽ റോഡ് (മൂന്ന് കോടി), പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കന്ററി സ്‌കൂൾ ( 2.50 കോടി), മുട്ടം ബസാർ റോഡ് (ഒരു കോടി), പാണപ്പുഴ-കണാരം വയൽ-ഏര്യം-എടക്കോം റോഡ് (മൂന്ന് കോടി) എന്നിവയുടെ പ്രവൃത്തി ഫിബ്രവരി അവസാനവാരത്തോടെ പൂർത്തിയാകും. മാട്ടൂൽ-മടക്കര റോഡ് (1.50 കോടി) പ്രവൃത്തി ആരംഭിച്ചു.
പരിയാരം ഗവ ആയുർവേദ കോളേജ് ആശുപത്രി പേ വാർഡ് ഐ പി ബ്ലോക്കിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. 2 കോടി അനുവദിച്ച വനിത ഹോസ്റ്റൽ ഒന്നാംഘട്ട പ്രവൃത്തി അന്തിമഘട്ടത്തിലാണ്. രണ്ടാംഘട്ട പ്രവൃത്തി (രണ്ട് കോടി) സാങ്കേതികാനുമതിക്കായി സമർപ്പിച്ചു. പഴയങ്ങാടി താലൂക്ക് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി (ആറ് കോടി) സാങ്കേതികാനുമതിക്കായി സമർപ്പിച്ചു. വെങ്ങര ഗവ ഐ ടി ഐ കെട്ടിടം (3.10 കോടി) മെയ് മാസം പൂർത്തിയാകും. കുഞ്ഞിമംഗലം ഹയർ സെക്കന്ററി സ്‌കൂൾ ലാബ്, ലൈബ്രറി പ്രവൃത്തി ഫിബ്രവരിയിലും പൂർത്തിയാകും. ഒരു കോടി അനുവദിച്ച കൊട്ടില ഗവ ഹയർ സെക്കന്ററി സ്‌കൂൾ ലാബ് ലൈബ്രറി വേഗത്തിൽ പൂർത്തീകരിക്കാനും, പ്രസ്തുത കെട്ടിടത്തിന് മുകളിൽ രണ്ടാം ഘട്ട പ്രവൃത്തി ((ഒരു കോടി) ആരംഭിക്കാനും തീരുമാനിച്ചു. നെരുവമ്പ്രം ടെക്‌നിക്കൽ സ്‌കൂൾ വർക്ക്‌ഷോപ്പ് ലാബ് കെട്ടിടം (2.70 കോടി) പൂർത്തിയായി. മടക്കര ഗവ വെൽഫയർ എൽ പി സ്‌കൂൾ (ഒരു കോടി) ടെൻഡർ നടപടിയായി. പ്രവൃത്തി ഉടൻ ആരംഭിക്കാൻ എം എൽ എ നിർദേശം നൽകി.
പുതിയതായി ഭരണാനുമതി ലഭിച്ച പാണപ്പുഴ ഗവ എൽ പി സ്‌കൂൾ (ഒരു കോടി), ചെറുവച്ചേരി ഗവ എൽ പി സ്‌കൂൾ (ഒരു കോടി), പുറച്ചേരി ഗവ യു പി സ്‌കൂൾ കെട്ടിടം 71 ലക്ഷം എന്നീ പ്രവൃത്തികൾ വൈദ്യുതീകരണ പ്രവൃത്തി കൂടി ഉൾപ്പെടുത്തി സാങ്കേതികനുമതി ഉടൻ ലഭ്യമാക്കാനും ടെൻറർ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
വണ്ണാത്തിക്കടവ് പാലം പ്രവൃത്തി മെയ് മാസം പൂർത്തികരിക്കും. വെങ്ങര റയിൽവേ മേൽപ്പാലം പ്രവൃത്തി പുരോഗമിക്കുകയാണ്. കാവിൻ മുനമ്പ് പാലത്തിന്റെ അഡീഷ്ണൽ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി മെയ് മാസത്തോടെ ടെൻഡർ നടപടികളിലേക്ക് കടക്കാൻ സാധിക്കുമെന്ന് കെ ആർ എഫ് ബി എക്‌സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു. പഴയങ്ങാടി പാലം ഏപ്രിലിൽ ടെൻഡർ ചെയ്യാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. മൂലക്കീൽ കടവ് പാലം കിഫ്ബിയുടെ അംഗീകാരത്തിന് സമർപ്പിച്ചു. പാപ്പിനിശ്ശേരി-പിലാത്തറ കെ എസ് ടി പി റോഡിൽ സോളാർ ലൈറ്റുകൾ നന്നാക്കുന്നതിനായുള്ള കരാർ അനർട്ടിന് നൽകികൊണ്ടുള്ള കരാർ രണ്ടാഴ്ചക്കുള്ളിൽ ഒപ്പിടുമെന്ന് കെ എസ് ടി പി എക്‌സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.
മണ്ഡലത്തിൽ നിരവധി പദ്ധതികൾ സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചതായി എം എൽ എ പറഞ്ഞു. പഴയങ്ങാടി റെയിൽ അണ്ടർ ബ്രിഡ്ജ് നിർമ്മാണം, മാടായി റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം, കണ്ണപുരം പാലം-സിആർസി റോഡ് മെക്കാഡം ടാറിംഗ്, കാവിൽ മുനമ്പ്- മുള്ളൂൽ വെള്ളിക്കീൽ ഏഴാംമൈൽ റോഡ്, കുപ്പം-മുതുകുട-പാറമേൽക്കാവ്-കാവുങ്കൽ റോഡ്, ഇരിണാവ്-മടക്കര റോഡ്, പൊന്നുരുക്കിപ്പാറ-കാരകുണ്ട്-മടന്തട്ട റോഡ്, കണ്ടോന്താർ-ചെറുവിച്ചേരി-ഭൂദാനം കോളനി റോഡ്, പുറക്കുന്ന്-പേരൂർ-കാനായി-നരീക്കാംവള്ളി റോഡ്, പിലാത്തറ- മാതമംഗലം റോഡ് ഉപരിതലം അഭിവൃദ്ധിപ്പെടുത്തൽ, മാട്ടൂൽ-പുതിയങ്ങാടി- പഴയങ്ങാടി റോഡ്, പാപ്പിനിശ്ശേരി-പഴയങ്ങാടി-പിലാത്തറ കെ എസ് ടി പി റോഡ്, പട്ടുവം, നെരുവമ്പ്രം ഐഎച്ച്ആർഡി കോളേജിൽ പുതിയ കെട്ടിടം, കല്യാശ്ശേരി പോളിടെക്‌നിക് കെട്ടിടം എന്നീ പദ്ധതികൾ സമർപ്പിച്ചു. പരിയാരം കണ്ണൂർ ഗവ. മെസിക്കൽ കോളേജിൽ 5 കോടി രൂപയുടെ പിജി ഹോസ്റ്റൽ, 3 കോടിയുടെ പാരാ മെഡിക്കൽ ഹോസ്റ്റൽ എന്നിവ ഭരണാനുമതിക്കായി സമർപ്പിച്ചു.
യോഗത്തിൽ കല്യാശ്ശേരി മണ്ഡലം പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി നോഡൽ ഓഫീസർ എം ബിന്ദു (എക്‌സി എഞ്ചിനിയർ, കെ.ആർ എഫ് ബി), ജിഷാകുമാരി കെ (എക്‌സി എഞ്ചിനീയർ കെട്ടിട വിഭാഗം), അസി. എക്‌സി എഞ്ചിനീയർമാരായ ബാലകൃഷ്ണൻ എം. വി, ഷൈല യു എസ് (കെആർ എഫ് ബി ബ്രിഡ്ജസ്), ഷൈല ചോറൻ (കെഎസ്ടിപി), ഡെപ്യൂട്ടി എക്‌സി എഞ്ചിനിയർ ഉമാവതി കെ (റോഡ്‌സ്), സവിത സി (കെട്ടിടവിഭാഗം) സുധീന്ദ്രൻ സി.പി (ദേശീയ പാത), ടി.വി ഭാസ്‌ക്കരൻ (റോഡ്‌സ്) എന്നിവർ പങ്കെടുത്തു.

