തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ പ്രതികരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ വ്യക്തമാക്കി. രേഖാമൂലം ചോദ്യങ്ങൾ എഴുതി തന്നാൽ തന്റെ ഓഫീസിൽ നിന്നും മറുപടി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച ചോദ്യത്തിനാണ് ഗവർണറുടെ മറുപടി. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടിരുന്നു.
നിയമവശങ്ങൾ പരിശോധിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി പ്രതിപക്ഷ നേതാക്കൾ അറിയിച്ചതുമാണ് . അതിനിടെ 1999 ൽ നിയമം അവതരിപ്പിച്ച സമയത്ത് തന്നെ ലോകായുക്ത ശിപാർശ മുഖ്യമന്ത്രിക്കോ ഗവർണർക്കോ നിരാകരിക്കാമെന്ന നിർദേശം നിയമസഭ തള്ളിയതാണെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്ത് വന്നു. ഇതോടെ ലോകായുക്ത നിയമ ഭേദഗതിക്കെതിരെയുള്ള നിലപാട് പ്രതിപക്ഷം കടുപ്പിക്കുകയാണുണ്ടായത്.

