കൊച്ചി: കെ-റെയിലിനെതിരെ ഫേസ്ബുക്കിൽ കവിത പങ്കുവച്ചതിനു പിറകെ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ ഇടതുപക്ഷ അനുഭാവികളുടെ സൈബർ ആക്രമണം. പിന്നാലെ, ‘തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന മുനയുള്ള ചോദ്യങ്ങളെ’ന്ന് നാലുവരിക്കവിതയെഴുതി വീണ്ടും ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
സൈബർ ആക്രമണത്തിൽ റഫീഖ് അഹമ്മദിന് പിന്തുണയുമായി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ‘എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ’ എന്നു തുടങ്ങുന്ന കവിത റഫീഖ് അഹമ്മദ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇതിനു പിന്നാലെയായിരുന്നു കടുത്ത സൈബർ ആക്രണം. ഇടതുവിരോധം കൊണ്ടുമാത്രം മുളക്കുന്ന കവിതകൾ ചിലതുണ്ട് ഈ മനുഷ്യൻ മനസിൽ എന്നു പറഞ്ഞ് റഫീഖിന്റെ മറ്റൊരു കവിതയ്ക്ക് പാരഡിയുമായായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെയുള്ള ഒരു വിമർശനം.
സിനിമയ്ക്ക് പാട്ടെഴുതാൻ കൊച്ചിയിലേയ്ക്കും ചെന്നൈയിലേയ്ക്കുമൊക്കെ നടന്നാണോ പോകുക, വിമാനത്തിൽ പോയാൽ മേഘങ്ങളെ കീറിമുറിക്കുമ്പോൾ അവയ്ക്ക് വേദനയെടുത്താലോ എന്ന് പരിഹസിക്കുന്നു മറ്റൊരാൾ. ഇതിനു പുറമെ കടുത്ത പരിഹാസവും തെറിയുമായും ഇടത് അനുകൂല പ്രൊഫൈലുകൾ രംഗത്തുണ്ട്.