പത്തനംതിട്ട: കച്ചവടം കരുതലോടെയാവാം : ഡിഎംഒ

പത്തനംതിട്ട: രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്, പരമാവധി മുന്‍ കരുതലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി അറിയിച്ചു.

ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-

കടകളില്‍ ആള്‍ക്കൂട്ടം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുക, പ്രവേശന കവാടത്തില്‍ മാസ്‌ക്, സാനിട്ടൈസര്‍ എന്നിവയുടെ ഉപയോഗവും ലഭ്യതയും ഉറപ്പാക്കുക. തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നു. കടകളില്‍ എസി പ്രവര്‍ത്തിപ്പിക്കാതിരിക്കുക. തൊഴിലാളികള്‍ നിര്‍ബന്ധമായും മാസ്‌കും ഗ്ലൗസും ഉപയോഗിക്കുക. പണം കൈമാറിയതിന് മുന്‍പും ശേഷവും കൈകള്‍ സാനിട്ടൈസ് ചെയ്ത് അണുവിമുക്തമാക്കുക. കഴിവതും ഓണ്‍ലൈന്‍ മുഖേന പണം അടയ്ക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. ചെറിയ ലക്ഷണങ്ങളുള്ള തൊഴിലാളികളേയും കടകളില്‍ നിന്ന് താത്കാലികമായി മാറ്റി നിര്‍ത്തുക. ഡോര്‍ ഹാന്‍ഡിലുകള്‍ കൃത്യമായ ഇടവേളകളില്‍ സാനിട്ടൈസ് ചെയ്ത് അണുവിമുക്തമാക്കുക. ഓഫറുകള്‍ പ്രഖ്യാപിച്ച് കടകളില്‍ ആള്‍ക്കൂട്ടം ഉണ്ടാക്കാതെ ഓണ്‍ലൈന്‍ ഓഫറുകള്‍ക്കായി പരിമിതപ്പെടുത്തുക.

വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്ന പൊതുജനങ്ങളും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം കടകളില്‍ എത്തുന്നത് കൂടുതല്‍ സമയം കടകളില്‍ ചിലവഴിക്കുന്നത് ഒഴിവാക്കാനാകും.
ജില്ലയിലെ രോഗവ്യാപന നിരക്ക് സംസ്ഥാന ശരാശരിയോട് അടുക്കുകയാണ്. രോഗവ്യാപനം അടിസ്ഥാനമാക്കി, സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ബി കാറ്റഗറിയിലാണ് ജില്ല ഇപ്പോഴുള്ളത്. നിര്‍ദ്ദേശങ്ങളില്‍ പിഴവ് വരുത്തുന്നത് രോഗവ്യാപന തോത് വര്‍ധിക്കുന്നതിനും ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും കാരണമാകും. അതുകൊണ്ട് ജില്ലയിലെ തീവ്രവ്യാപനം കണക്കിലെടുത്ത് പ്രതിരോധമാര്‍ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കണമെന്നും ഡിഎംഒ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →