തൃശൂര്‍: കാനറാ ബാങ്കിന് ശിക്ഷ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കാനറാ ബാങ്ക് കൊടകര ബ്രാഞ്ചിനെതിരെയാണ് കമ്മീഷന്റെ വിധി. അക്കൗണ്ടില്‍ പണമുണ്ടായിട്ടും വ്യക്തി വിരോധത്തിന്റെ പേരില്‍ ഇടപാടുകാരന്റെ ചെക്ക് മടക്കുകയും നിരന്തരം ബുദ്ധിമുട്ടിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കമ്മീഷന്റെ നടപടി. വടൂര്‍ക്കര സ്വദേശി രജികുമാറാണ് ബാങ്കിന്റെ പ്രവര്‍ത്തികളുടെ തിക്താനുഭവങ്ങള്‍ക്കെതിരെ കമ്മീഷനില്‍ പരാതി നല്‍കിയത്.
2021 ഡിസംബര്‍ 9 നായിരുന്നു കമ്മീഷന്റെ ഉത്തരവ്. നഷ്ടപരിഹാരമായി 25,000രൂപയും 5,000രൂപയും ഒരുമാസത്തിനകം കെട്ടിവയ്‌ക്കാനായിരുന്നു ഉത്തരവ് എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം അടക്കാന്‍ ബാങ്ക് തയാറായില്ല. ചെക്കുകള്‍ വൈകിപ്പിക്കുക, അക്കൗണ്ടില്‍ പണമുണ്ടായിരുന്നിട്ടും ചെക്കുകള്‍ മടക്കുക, തുടങ്ങിയ പ്രവര്‍ത്തികള്‍ക്കെതിരെയാണ് പരാതി. കൂടാതെ 23,687 രൂപ അക്കൗണ്ടില്‍ ഉണ്ടാ യിരുന്നിട്ടും അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന പേരില്‍ 180 ഉം 22 ഉം രൂപവീതം പിഴയീടാക്കുകയും ചെയ്‌തതായി രജികുമാര്‍ പരാതിയില്‍ പറയുന്നു.