ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അപ്നാദള്‍ (എസ്), നിഷാദ് പാര്‍ട്ടി എന്നിവരുമായി സഖ്യത്തിനു തീരുമാനിച്ചു. മുന്നണിയായി 403 നിയമസഭാ സീറ്റിലും മത്സരിക്കുമെന്നു ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു. സീറ്റ് വിഭജനം തീരുമാനിച്ചിട്ടില്ല. വികസനത്തിന്റെയും സാമൂഹിക നീതിയുടെയും സങ്കലനമാണ് എന്‍.ഡി.എ. മുന്നോട്ടുവയ്ക്കുന്നതെന്ന് അപ്നാദള്‍ (എസ്) നേതാവ് അനുപ്രിയ പട്ടേല്‍ പറഞ്ഞു. സീറ്റല്ല, വിജയമായിരുന്നു ചര്‍ച്ചയിലുണ്ടായതെന്ന് നിഷാദ് പാര്‍ട്ടിയധ്യക്ഷന്‍ സഞ്ജയ് നിഷാദ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനു ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മൂന്നു മന്ത്രിമാരടക്കം പത്ത് എം.എല്‍.എമാര്‍ മൂന്നു ദിവസത്തിനിടെ ബി.ജെ.പിയില്‍നിന്നു പുറത്തുപോയത് അപ്നാ ദളിന്റെയും നിഷാദ് പാര്‍ട്ടിയുടെയും വിലപേശല്‍ ശേഷി കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ തവണ 11 സീറ്റില്‍ മത്സരിച്ച അപ്നാദള്‍ ഒമ്പതു സീറ്റില്‍ വിജയിച്ചിരുന്നു. ഇക്കുറി അനുപ്രിയ പട്ടേല്‍ കൂടുതല്‍ സീറ്റിന് ആവശ്യമുന്നയിക്കുമെന്നാണു സൂചന. 36 സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സംസ്ഥാന പാര്‍ട്ടി പദവി നേടുകയാണു ലക്ഷ്യമെന്നും വര്‍ക്കിങ് പ്രസിഡന്റ് ആശിഷ് പട്ടേല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നിഷാദ് പാര്‍ട്ടിക്ക് 15 സീറ്റാണു ബി.ജെ.പിയുടെവാഗ്ദാനമെങ്കിലും ഏതാനും സീറ്റ് കൂടി കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.

