മുംബൈ: വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ വ്യാപകമായ വിറ്റഴിക്കലുണ്ടായതില് ഇടിഞ്ഞ് ഓഹരി സൂചികകള്‍. സെന്‍സെക്സ് 554.05 പോയിന്റ് താഴ്ന്ന് 60754.86 ലും നിഫ്റ്റി 195.10 പോയിന്റ് ഇടിവോടെ 18113 പോയിന്റിലുമാണ് ഇന്നലെ വ്യാപാരമവസാനിപ്പിച്ചത്. 1007 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2218 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 59 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
രാജ്യാന്തര വിപണികളിലുണ്ടായ തിരിച്ചടിയാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. എണ്ണവില വര്‍ധനയെ സംബന്ധിച്ചുള്ള ആശങ്കയും തിരിച്ചടിയായായി. യു.എ.ഇയിലുണ്ടായ ഡ്രോണ്‍ ആക്രമണം വീണ്ടും എണ്ണവിലയില്‍ വര്ധനവുണ്ടാക്കുമോയെന്ന സംശയവും വിപണിയില്‍ പ്രതിഫലിച്ചു. ഇതിനൊപ്പം യു.എസ്. ട്രഷറി വരുമാനത്തിലെ വര്‍ധനയും വിപണിയെ സ്വാധീനിച്ചതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം ഇന്ത്യന്‍ വിപണി തിരിച്ചടി നേരിട്ടപ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 3.71 ലക്ഷം കോടി രൂപ. ബി.എസ്.ഇയില്‍ വിവിധ കമ്പനികളുടെ ഓഹരി മൂല്യം 276.30 ലക്ഷം കോടിയായി ഇടിഞ്ഞു. നിഫ്റ്റിയില്‍ മാരുതി സുസുക്കിക്കാണ് വന്‍ തിരിച്ചടി നേരിട്ടത്. 4.07 ശതമാനം നഷ്ടത്തോടെ 7,929 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്, അള്‍ട്രാടെക് സിമെന്റ്, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയവയുടെയും വിലിയിടിഞ്ഞു. എന്നാല്‍ ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഡോ റെഡ്ഡീസ് ലാബ്സ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ. റെഡ്ഡി, നെസ്ലെ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലായിരുന്നു.
എല്ലാ സെക്ടറര്‍ സൂചികകളും നഷ്ടത്തിലായിരുന്നു. ഓട്ടോ, ഐടി, കാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍, റിയല്‍റ്റി, ഫാര്‍മ, എഫ്.എം.സി.ജി. എന്നിവ 1-2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബി.എസ്.ഇ. മിഡ് ക്യാപ്, സ്മോള്‍ക്യാപ് സൂചികകളില്‍ 1-2 ശതമാനം ഇടിവുണ്ടായി.

