ന്യൂഡല്‍ഹി: യുവ താരം ലക്ഷ്യ സെന്‍ ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ജേതാവായി. ലോക ചാമ്പ്യന്‍ സിംഗപ്പുരിന്റെ ലോ കീന്‍ യുവിനെ അട്ടിമറിച്ചാണു ലക്ഷ്യ കന്നി സൂപ്പര്‍ 500 കിരീടം നേടിയത്. സ്‌കോര്‍: 24-22, 21-17. ഫൈനല്‍ 54 മിനിറ്റ് നീണ്ടു.
കഴിഞ്ഞ മാസം സ്പെയിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടാന്‍ ഇന്ത്യന്‍ താരത്തിനായി. ഒന്നാം ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പൊരുതി. അവസാന നിമിഷം ലക്ഷ്യ ഗെയിം പിടിച്ചെടുത്തു. രണ്ടാം ഗെയിമില്‍ ലോക ചാമ്പ്യന്റെ വെല്ലുവിളിയെ തുടക്കം മുതല്‍ അതിജീവിക്കാന്‍ ലക്ഷ്യക്കായി. പുരുഷ ഡബിള്‍സിലും ഇന്ത്യക്കാണു കിരീടം. സാത്വിക് സായിരാജ് രങ്കി റെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം മുന്‍ ലോക ചാമ്പ്യന്മാരും ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരുമായ ഇന്തോനീഷ്യയുടെ മുഹമ്മദ് അഹ്സാന്‍-ഹെന്‍ഡ്ര സെറ്റിവന്‍ സഖ്യത്തെയാണു തോല്‍പ്പിച്ചത്. 21-16, 26-24 എന്ന കടുത്ത പോരാട്ടത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ കിരീട നേട്ടം.
2001 ഓഗസ്റ്റ് 16 ന് ഉത്തരാഖണ്ഡിലെ അല്‍മോറയിലാണു ലക്ഷ്യ ജനിച്ചത്. പിതാവ് ഡി.കെ. സെന്‍ പ്രമുഖ കോച്ചാണ്. സഹോദരന്‍ ചിരാട് സെന്നും ബാഡ്മിന്റണ്‍ താരമാണ്. സ്‌കൂള്‍ അധ്യാപികയായ നിര്‍മലയാണു മാതാവ്. ഇതിഹാസ താരങ്ങളായ പ്രകാശ് പാദുക്കോണ്‍, വിമല്‍ കുമാര്‍ തുടങ്ങിയവരുടെ ശിക്ഷണത്തിലാണു വളര്‍ന്നത്. പ്രകാശ് പാദുകോണ്‍ അക്കാദമിയില്‍നിന്നു പഠിച്ചിറങ്ങി. 15-ാം വയസില്‍ ദേശീയ അണ്ടര്‍ 19 ചാമ്പ്യനായി. 2016 ല്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതോടെ ശ്രദ്ധിക്കപ്പെട്ടു. 2017 ല്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സീരിസ്, യൂറേഷ്യന്‍ ബള്‍ഗേറിയന്‍ ഓപ്പണ്‍ എന്നിവ നേടി. അതേ വര്‍ഷം തന്നെ ടാറ്റാ ഓപ്പണ്‍ ഇന്റര്‍നാഷണലില്‍ റണ്ണര്‍ അപ്പുമായി. 2018 ല്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നേടി താരമായി.