കാസർകോട്: അമ്പത് ലക്ഷത്തിന്റെ ആദ്യ ചെക്ക് വിജയകുമാറിന്

കാസർകോട്: മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ ആദ്യം പരിഗണിച്ചത് കാഞ്ഞങ്ങാട് അജാനൂര്‍ സ്വദേശിയും, ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന വിജയകുമാറിന്റെ പരാതിയാണ്. സംരംഭം തുടങ്ങാന്‍ ബാങ്ക് വായ്പ ലഭിക്കുന്നില്ലെന്നായിരുന്നു ഒരു പരാതി. പരാതി പരിഗണിച്ച് പരിശോധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.90 ലക്ഷം രൂപ വായ്പ നല്‍കാന്‍ ധാരണയായി. ആദ്യ ഗഡുവായി 50 ലക്ഷം രൂപയുടെ ചെക്ക് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയുടെ വേദിയില്‍ മന്ത്രി പി രാജീവ്, വിജയകുമാറിന് കൈമാറി. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ ഉടന്‍ തീര്‍ക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ആയുര്‍വേദ ഹെര്‍ബല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ച് ഇന്ത്യയിലും വിദേശത്തും വിതരണം ചെയ്യുന്ന സംരംഭമാണ് വിജയ കുമാറിന്റേത്.

കേരളത്തില്‍ വിവിധ ഇടങ്ങളിലായി നാല് ഉല്‍പാദന കേന്ദ്രങ്ങളുണ്ട്. കാസര്‍കോട് ഉല്പാദന കേന്ദ്രം തുടങ്ങാന്‍ മൂന്ന് വര്‍ഷം മുമ്പ്  മടിക്കൈയില്‍ മൂന്ന് ഏക്കറോളം ഭൂമി വാങ്ങി. സ്ഥാപനം തുടങ്ങാനുള്ള തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള അനുമതിക്കായി ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. അനുമതി കിട്ടില്ല എന്നറിഞ്ഞതോടെ സംരംഭം ഉപേക്ഷിച്ചു. പിന്നീടാണ് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത് കുമാര്‍ സ്ഥലം സന്ദര്‍ശിച്ച് ലൈസന്‍സ് നല്‍കിയത്. പിന്നീട് വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബാങ്കില്‍ നിന്നുള്ള മറുപടി കിട്ടാന്‍ മാസങ്ങളോളം വൈകി. പുതുതായി വന്ന മാനേജര്‍ വായ്പ ലഭ്യമാക്കാമെന്ന് പറഞ്ഞെങ്കിലും ലഭിച്ചില്ല. കൂടാതെ വൈദ്യുതി ലഭ്യമാക്കാന്‍ കെഎസ്ഇബിയില്‍ ഒമ്പത് ലക്ഷം അടച്ചെങ്കിലും നടപടികളുണ്ടായില്ല. പിന്നീടാണ് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലേക്ക് പരാതി അയച്ചത്. മീറ്റ് ദ മിനിസ്റ്റര്‍ പോലുള്ള വേദികള്‍ സംരംഭകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് വിജയകുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →