കൽപ്പറ്റ: വയനാട്ടിൽ മരങ്ങളിൽ നിന്ന് ചോല വെട്ടുന്നതിനിടയിൽ മരങ്ങളിൽ കുടുങ്ങിയ രണ്ടുപേർക്ക് സുൽത്താൻ ബത്തേരി ഫയർഫോഴ്സ് രക്ഷകരായി .2022 ജനുവരി 12 ബുധനാഴ്ച രാവിലെ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ട് സംഭവങ്ങളും. ബത്തേരി ഫയർസ്റ്റേഷന് കീഴിൽ വരുന്ന കല്ലൂർ ചുണ്ടക്കരയിലും പാപ്ലശ്ശേരി അഴീക്കോടൻ നഗറിലുമാണ് അപകടമുണ്ടായത്.
രാവിലെ എട്ടരയോടെ കല്ലൂർ ചുണ്ടക്കരയിലാണ് ആദ്യ സംഭവം.ചോല വെട്ടാൻ മരത്തിൽ കയറിയ മണ്ണൂർകുന്ന് കോളനിയിലെ ബേബി (40) എന്ന തൊഴിലാളിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടർന്ന് മരത്തിൽ കുടുങ്ങുകയായിരുന്നു. നാൽപ്പത് അടിയോളം ഉയരമുള്ള മരത്തിന് മുകളിൽ കുടുങ്ങിയ ബേബിയെ സമീപത്ത് കെട്ടിടനിർമാണ ജോലിക്കെത്തിയ വട്ടുവാടി സ്വദേശി ഷൈജു താഴെവീഴാതെ താങ്ങി നിർത്തുകയായിരുന്നു. ഇതിനിടെ നാട്ടുകാർ ബത്തേരി ഫയർസ്റ്റേഷനിലും വിവരമറിയിച്ചിരുന്നു. അവശനിലയിലായിരുന്ന ബേബിയെ ഉടൻ അഗ്‌നിരക്ഷാ സേനയുടെ തന്നെ ആംബുലൻസിൽ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്നാണ് ബേബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഒമ്പതരയോടെയായിരുന്നു പാപ്ലശ്ശേരി അഴീക്കോടൻ നഗറിൽ 46-കാരനായ നടിക്കുന്നേൽ മനോജ് മരത്തിൽ കുടുങ്ങിയത്. 25 അടി ഉയരത്തിലുള്ള പ്ലാവിൽ കയറിയ മനോജിന് തലകറക്കം അനുഭവപ്പെടുകയായിരുന്നു.
തലചുറ്റലുണ്ടായപ്പോൾതന്നെ മനോജ് മുണ്ടുകൊണ്ട് ദേഹം മരത്തോട് ചേർത്തുകെട്ടി സുരക്ഷിനായിയിരുന്നു. തുടർന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങൾ മരത്തിന് മുകളിൽകയറി റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് താഴെയിറക്കുകയായിരുന്നു. നാട്ടുകാരുടെയും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടൽ കൊണ്ടുമാത്രമാണ് രണ്ടുപേരും ദുരന്തങ്ങലിൽ നിന്നും രക്ഷപെട്ടത്.
ബത്തേരി അഗ്‌നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർമാരായ പി.കെ. ഭരതൻ, എൻ. ബാലകൃഷ്ണൻ, എൻ.വി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.സി. ജിജുമോൻ, കെ.എസ്. മോഹനൻ, എൻ.എസ്. അനൂപ്, എം.പി. സജീവൻ, എം.പി. ധനീഷ് കുമാർ, എ.ബി. വിനീത്, അഖിൽ രാജ്, കെ. അജിൽ, ബേസിൽ സി.ജോസ്, പി.ഡി. അനുറാം, രഞ്ജിത്ത് ലാൽ, കെ.സി. പൗലോസ്, ഫിലിപ്പ് എബ്രഹാം, കെ. സിജു, സുജേയ് ശങ്കർ, കീർത്തിക് കുമാർ, പി.കെ. ശശീന്ദ്രൻ, ഷിനോജ് ഫ്രാൻസിസ് എന്നിവരാണ് രണ്ട് അപകടങ്ങളിലും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തത്.

