കൊച്ചി: കെ റെയില്‍ പദ്ധതിക്ക് അതിരടയാള കല്ലിടുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഇതിനോടകം തന്നെ രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന തൂണുകള്‍ നിയമ വിരുദ്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടത്.
ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പിലാക്കേണ്ടതെന്നും വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് അതിരടയാളക്കല്ലകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു.
വിഷയത്തില്‍ ഹരജി പരിഗണിക്കുന്നത് ഈ മാസം 21ലേക്ക് മാറ്റിയിട്ടുണ്ട്.
നിലവില്‍ സ്ഥാപിച്ചിട്ടുള്ള കല്ലുകള്‍ എടുത്തുമാറ്റാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കേരള ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കെ റെയില്‍ അഭിഭാഷകന്‍ പറയുന്നുണ്ടെങ്കിലും ഇതിലും വ്യക്തതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാറിനും കേന്ദ്ര റയില്‍വേ മന്ത്രാലയത്തിനും വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരാകുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോടതിയെ ഇരുട്ടില്‍ നിര്‍ത്തരുതെന്നും വേഗത്തില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ നിയമലംഘനം ഉണ്ടാവാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. നിയമപ്രകാരം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കുകയുള്ളെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
2013ലെ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ വ്യക്തമാക്കി. കെ റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയല്ല. അതുകൊണ്ട്തന്നെ കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമില്ലെന്നാണ് റെയില്‍വേ കോടതിയെ അറിയിച്ചത്.
കെ റെയില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് റെയില്‍വേ നിലപാടറിയിച്ചത്.