വൈദ്യുതി ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടണം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

**1.5 മെഗാവാട്ടിന്റെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണമെന്നും അതിലൂടെ മാത്രമേ വ്യവസായങ്ങളും തൊഴിലവസരങ്ങളും വളരുകയുള്ളുവെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കെ.എസ്.ഇ.ബിയുടെ സൗരപദ്ധതിയുടെ ഭാഗമായി 1.5 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ നിലയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാരും കെ.എസ്.ഇ.ബിയും നടത്തിവരുന്ന പരിശ്രമങ്ങളുടെ ഭാഗമാണ് പുരപ്പുറ സൗരോര്‍ജ നിലയങ്ങളെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി ഉത്പാദനം 65 മെഗാവാട്ടില്‍ നിന്നും മാര്‍ച്ച് മാസത്തോടെ 100 മെഗാവാട്ടില്‍ എത്തിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്. സൗരോര്‍ജ വൈദ്യുതോത്പാദനം പരമാവധി ഉപയോഗപ്പെടുത്തി വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നത് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുനരുപയോഗ ഊര്‍ജസ്രോതസില്‍ നിന്നും വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനസര്‍ക്കാരും കെ.എസ്.ഇ.ബിയും ചേര്‍ന്ന് നടപ്പാക്കുന്ന സൗരപദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 29 മെഗാവാട്ടിന്റെ പുരപ്പുറ നിലയങ്ങളാണ് സംസ്ഥാനത്തുടനീളം സ്‌കൂളുകളിലും കോളേജുകളിലും സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുടെ പുരപ്പുറങ്ങളിലും തയാറാകുന്നത്. ഇതില്‍ പൂര്‍ത്തീകരിച്ച 1.5 മെഗാവാട്ട് വൈദ്യുതിയുടെ 40 പുരപ്പുറനിലയങ്ങളാണ് തിരുവനന്തപുരം മോഹന്‍ദാസ് എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്. കെ.എസ്.ഇ.ബിയുടെ വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചാണ് ഇവിടുത്തെ ഊര്‍ജോത്പാദനം. പൂര്‍ണമായും കെ.എസ്.ഇ.ബിയുടെ മുതല്‍മുടക്കില്‍ 6.75 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുരപ്പുറ സോളാര്‍ നിലയങ്ങളിലൂടെ പ്രതിവര്‍ഷം 22 ലക്ഷം യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എത്തുകയാണ് ലക്ഷ്യം. 1.5 മെഗാവാട്ട് ശേഷിയില്‍ 300 കിലോവാട്ടിന്റെ സൗരോര്‍ജനിലയമാണ് മോഹന്‍ദാസ് എഞ്ചിനിംയറിംഗ് കോളേജില്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനസജ്ജമായത്. പുരപ്പുറ സൗരോര്‍ജ നിലയത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ആകെ വൈദ്യുതിയുടെ 10 ശതമാനം സൗജന്യമായി ഉപഭോക്താവിന് നല്‍കുന്ന മോഡല്‍ 1 നിലയമാണിത്. ഇന്‍കലാണ് സൗരോര്‍ജനിലയം സ്ഥാപിച്ചത്.
 
ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ 2535 ഉപഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. നിലവില്‍ 1349 പേര്‍ക്ക് സൗരോര്‍ജനിലയം സ്ഥാപിച്ച് നല്‍കിയിട്ടുണ്ട്. ഗാര്‍ഹികമേഖലയില്‍ സബ്സിഡിയോടുകൂടി പുരപ്പുറ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സൗരപദ്ധതിയുടെ രണ്ടാംഘട്ടമായി നടപ്പാക്കും.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശൈലജ, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, കെ.എസ്.ഇ.ബി ലിമിറ്റഡ്  ചെയര്‍മാനും എം.ഡിയുമായ ഡോ.ബി അശോക് കുമാര്‍, സൗര പദ്ധതി ഡയറക്ടര്‍ ആര്‍.സുകു, മോഹന്‍ദാസ് എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ ജി.മോഹന്‍ദാസ് എന്നിവരും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →