കൊച്ചി: ഇടമലക്കുടി ഇഡലിപ്പാറ കുടിയിലെ നൂറോളം ആദിവാസി കുടുംബങ്ങള്‍ക്ക് കുടിവെളളമെത്തിച്ച് സുരേഷ്‌ഗോപി എംപി. മകളുടെ പേരിലുളള ട്രസ്റ്റില്‍ നിന്നും 7 ലക്ഷം രൂപ വിലവരുന്ന എച്ച് ഡി പൈപ്പ് സ്‌പോണ്‍സര്‍ ചെയ്‌തുകൊണ്ടാണ് സ്ഥലത്തെ കുടിവളളക്ഷാമം പരിഹരിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചത്. ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്.
ഇഡലിപ്പാറയിലെ ആദിവാസി കുടുംബങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ചുവന്ന കുടിവെളള ക്ഷാമത്തിനാണ് ഇതോടെ പരിഹാരമായത്. പലകുടിവെളള പദ്ധതികളും ഇതിന് മുമ്പ് കൊണ്ടുവന്നിരുന്നെങ്കിലും വനംവകുപ്പ് അനുമതി നല്‍കാതിരുന്നതിനാല്‍ പദ്ധതികളെല്ലാംതന്നെ കടലാസില്‍ ഒതുങ്ങുകയായിരുന്നു..2021 ഡിസംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയ ബിജെപി ഇടുക്കി ജില്ലാ നേതാക്കള്‍ക്കുമുമ്പാകെ ഇഡലിപ്പാറ നിവാസികള്‍ ഈ ഒരാവശ്യം മാത്രമാണ് മുമ്പില്‍ വച്ചത്. അവരുടെ ന്യായമായ ആവശ്യം മനസിലാക്കിയ ബിജെപി ഇടുക്കി ജില്ലാ നേതൃത്വം സുരേഷ് ഗോപി എംപിയെ ബന്ധപ്പെടുകയും അദ്ദേഹം ഉടന്‍ തന്നെ എംപി ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുകയായിരുന്നു.

