വാളയാർ (പാലക്കാട്): ചരക്കുലോറിയിടിച്ച കാൽനടയാത്രികൻ സഹായം ലഭിക്കാതെ മണിക്കൂറുകളോളം പാതയോരത്ത് കിടന്ന്, രക്തം വാർന്നു മരിച്ചു. ദേശീയപാത കുറുകെ കടക്കുന്നതിനിടെയാണ് അപകടം. 2022 ജനുവരി 9ന് രാവിലെ ആറരയോടെ വാളയാറിനും ചാവടിക്കും ഇടയിലുള്ള ചാവടിപ്പുഴ പാലത്തിലായിരുന്നു അപകടം. അപകടത്തിൽപ്പെട്ട് 2 മണിക്കൂറിലേറെ ദേശീയപാതയോരത്തു കിടന്നയാളെ ആശുപത്രിയിലെത്തിക്കാനോ സഹായിക്കാനോ സ്റ്റേഷനിലേക്കു വിവരം നൽകാനോ ആളുകൾ തയാറായില്ലെന്ന് പോലീസ് പറഞ്ഞു.
പിന്നീട് രാവിലെ എട്ടരയോടെ ചാവടി സ്റ്റേഷനിൽ അതിർത്തി പരിശോധനയ്ക്കെത്തിയ പൊലീസ് ഇദ്ദേഹത്തെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. ഇടിച്ച വാഹനം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടാനുള്ള ശ്രമത്തിലാണെന്നു ചാവടി പൊലീസ് അറിയിച്ചു.