മാഹി : നിര്‍ദ്ദിഷ്ട സില്‍വര്‍ലൈന്‍ കെ.റെയില്‍ പദ്ധതിക്കായി ഒരിഞ്ച് ഭൂമി പോലും വിട്ടുതരില്ലെന്ന് മാഹി എംഎല്‍.എ രമേശ് പറമ്പത്ത്. അതിവേഗ പദ്ധതിയുടെ അലൈന്‍മെന്റ് കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ ഭാഗമായ ചാലക്കര ഭാഗത്തുകൂടി കടന്നുപോകുന്നുണ്ടെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ഭൂപ്രകൃതി തന്നെ തകിടം മറിച്ച് ലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന പദ്ധതിക്കെതിരെ കേരളത്തില്‍ വ്യാപക ജനരോഷം ഉയര്‍ന്നിട്ടുണ്ട്. ഈ പദ്ധതി മാഹി വഴി കടന്നുപോകില്ലെന്ന് രണ്ടുവര്‍ഷം മുമ്പ് അന്നത്തെ പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയിരുന്നു. ആ ഉറപ്പുപാലിക്കാന്‍ കേരള മുഖ്യമന്ത്രി തയ്യാറാവണമെന്ന് രമേശ് പറമ്പത്ത് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ അവസാന ശ്വാസം വരെ ജനങ്ങളോടൊപ്പം നിന്ന് പോരാടും. ജനങ്ങളുടെ ആശങ്ക ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.