അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിർണ്ണയ പ്രക്രിയ അന്തിമ ഘട്ടത്തിലേക്ക് കടന്നതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സംസ്ഥാനത്ത് 98 ശതമാനം ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു. സംസ്ഥാനത്താകെ 59,852 ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെ 82,422 പേരെ അതിദരിദ്രരുടെ സാധ്യത പട്ടികയിൽ ഉൾപ്പെടുത്തുകയും അതിൽ 77,847 പേരെ മൊബൈൽ അപ്ലിക്കേഷനിൽ പ്രീ എന്യുമെറേഷന് വിധേയമാക്കി. 68,617 പേരുടെ ഫീൽഡ് തല വിവരശേഖരണവും പൂർത്തിയാക്കി. ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും, പ്രീ എന്യുമറേഷനും, എന്യുമറേഷനും പൂർത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങളിൽ 7,513 സൂപ്പർ ചെക്കും പൂർത്തിയാക്കിയെന്ന് മന്ത്രി പറഞ്ഞു.
നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ തദ്ദേശസ്ഥാപനങ്ങൾ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇത് ഗ്രാമസഭകളിൽ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. കോട്ടയം, തൃശൂർ ജില്ലകളിൽ അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയുടെ കരട് പട്ടികയുടെ അംഗീകാരത്തിനായി ഗ്രാമസഭകൾ ചേർന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.