കാസർകോട്: സ്വാതന്ത്ര്യസമരചരിത്രത്തില്‍ കാസര്‍കോട് ജില്ലയുടെ സംഭാവന അവിസ്മരണീയമാണെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാടകം വനസത്യാഗ്രഹ സ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ. മതേതരത്വത്തിലും ജനാധിപത്യത്തിലും അടിയുറച്ച ഭരണഘടന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ സ്വതന്ത്ര്യ സമര സേനാനികളുടെ സ്മരണകള്‍ കരുത്തു നല്‍കുമെന്നും എം എല്‍ എ പറഞ്ഞു.
എ സി കണ്ണന്‍ നായര്‍,വിദ്വാന്‍ പി കേളുനായര്‍, കെ ടി കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ മാധവന്‍, ടി എസ് തിരുമുമ്പ്, കയ്യൂര്‍ സമര സേനാനികള്‍, തുടങ്ങി മാതൃഭൂമിയുടെ മോചനത്തിന് ധീരോദാത്തം പോരാടി മണ്‍മറഞ്ഞ നൂറുകണക്കിന് സേനാനികള്‍, മഹാകവി പി കുഞ്ഞിരാമന്‍ നായര്‍, മഹാകവി കുട്ടമ്മത്ത്, ടി ഉബൈദ് രാഷ്ട്രകവി ഗോവിന്ദ പൈ, കയ്യാര്‍ കിഞ്ഞണ്ണറേ പോലുള്ള മഹാകവികളും ദേശീയ സ്വാതന്ത്ര്യ സമരത്തിന് ഉജ്വല സംഭാവനകള്‍ നല്‍കിയ പ്രതിഭകളാണെന്ന് അദ്ദേഹം അനുസ്മരിച്ചു. കാസര്‍കോട് ജില്ല സ്വാതന്ത്ര്യ സമരത്തിന് നല്‍കിയ സംഭാവനക അടയാളപ്പെടുത്തണ്ടതാണെന്ന് എം എല്‍ എ പറഞ്ഞു.
സ്വാതന്ത്ര്യ സമര ചരിത്രം വളച്ചൊടിക്കുന്ന കാലയളവില്‍ കാടകം വനസത്യാഗ്രഹം പോലുള്ള പ്രാദേശിക പ്രക്ഷോഭങ്ങള്‍ അനുസ്മരിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന് സംഭാവന നല്‍കാത്തവര്‍ ആദരിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യസമര സേനാനികളെ ഉയര്‍ത്തി കാട്ടേണ്ടതുണ്ടെന്നും ഇതിനായി പി ആര്‍ ഡി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
കാടകം വനസത്യാഗ്രഹ സ്മരണക്കായി സ്മാരകം നിര്‍മിക്കുമെന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു പറഞ്ഞു. വരും തലമുറയ്ക്ക് സ്വാതന്ത്ര്യ സമര ചരിത്രം പരിചയപ്പെടുത്താന്‍ സൗകര്യം ഒരുക്കും.
നിസഹകരണ പ്രസ്ഥാനം, നിയമ ലംഘന സമരങ്ങള്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ക്വിറ്റിന്ത്യാ സമരം തുടങ്ങി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ എല്ലാ ഘട്ടങ്ങളിലും സമര രംഗത്ത് തലയുയര്‍ത്തി നിന്നവരാണ് കാസര്‍കോട്ടെ സമര സേനാനികളെന്ന് ചരിത്രകാരന്‍ പ്രൊഫ. കെ പി.ജയരാജന്‍ പറഞ്ഞു. വനവിഭവങ്ങള്‍ കൊള്ളയടിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന ഉജ്വലമായ സമരമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിനെതിരെ തലമുറ ബോധവാന്മാരാകണമെന്ന് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദിരിയ പറഞ്ഞു
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ ഡി എം എ കെ രമേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.പ്രൊഫ വി ഗോപിനാഥ്, ഡി ഡി ഇ കെ വി പുഷ്പ, കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജി.സുരേഷ്ബാബു സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ എം സ്വാഗതം പറഞ്ഞു.