ഇടുക്കി: ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിവരങ്ങള്‍ പൊലീസ് ഡാറ്റബേസില്‍ നിന്ന് ചോര്‍ത്തി നല്‍കിയെന്നാരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പൊലീസുകാരനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്.
ഇടുക്കി കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന അനസ് പി.കെയ്ക്ക് എതിരെയാണ് വകുപ്പ്തല അന്വേഷണത്തിന് ഇടുക്കി എസ്.പി ഉത്തരവിട്ടത്.
കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്നു അനസ് പി.കെ. പൊലീസ് ഡാറ്റാബേസില്‍ നിന്നും ആര്‍.എസ്.എസ് നേതാക്കളുടെ വിവരങ്ങള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നെന്നായിരുന്നു ആരോപണം.
ഇതിന് പിന്നാലെ അനസിനെ പൊലീസ് ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും പ്രാഥമിക അന്വേഷണത്തിന് പിന്നാലെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിറങ്ങിയത്.
നിലവില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന് എതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഇടുക്കി പോലീസ് സൂപ്രണ്ട് ആര്‍. കറുപ്പസാമി പറഞ്ഞു.
ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന പേരിലാണ് ഇപ്പോള്‍ അനസിനെതിരെ നടപടിയെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥന്റെ ഉദ്ദേശ്യം ഉള്‍പ്പെടെ പരിശോധിക്കും. പൊലീസുമായി ബന്ധപ്പെട്ട മറ്റ് തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇദ്ദേഹം ചോര്‍ത്തിയോ എന്നതും അന്വേഷണത്തില്‍ പരിശോധിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയോ മതനേതാക്കളെയോ കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷണ പരിധിയില്‍ പെടുന്നുണ്ടെന്നും എസ്.പി പറഞ്ഞു.
നേരത്തെ തൊടുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടെ ആറോളം എസ്.ഡി.പി.ഐ പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുടെ മൊബൈല്‍ഫോണ്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒന്നില്‍ നിന്നാണ് പ്രതികള്‍ അനസുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് ഡാറ്റാബേസിലുള്ള ആര്‍.എസ്.എസ് നേതാക്കളുടെ പേരും അഡ്രസും വാട്സ്ആപ്പ് വഴി പങ്കുവെച്ചെന്ന് കണ്ടെത്തുകയും ചെയ്തത്.