ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. തുടക്കത്തില്‍ നാല് മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളുരു, ചെന്നൈ ഉള്‍പ്പെടെ പതിമൂന്ന് നഗരങ്ങളിലാണ് 5ജി സേവനം ലഭ്യമാകുക. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ എന്നീ കമ്പനികള്‍ സേവനം നല്‍കും. ടെലികോം മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്.
ഗുരുഗ്രാം, ബെംഗളുരു, കൊല്‍ക്കത്ത, മുംബൈ, ചണ്ഡിഗഡ്, ഡല്‍ഹി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലക്നോ, പൂനെ, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് 5ജി സേവനം അടുത്തവര്‍ഷത്തോടെ ലഭ്യമാക്കുന്നത്. അതേസമയം, വിവിധ ടെലികോം സേവനദാതാക്കള്‍ അതിന്റെ പരീക്ഷണം രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.ഇന്ത്യയില്‍ 5ജി സേവനം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 10 കോടി മുതല്‍ 15 കോടിവരെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, 5ജി സ്പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ടെലികോം വകുപ്പിന് മുന്നില്‍ ഈ ആവശ്യം വെച്ചിരിക്കുന്നത്.