സുൽത്താൻബത്തേരി: ആയിരംകൊല്ലി സ്വദേശിയായ എഴുപതുകാരന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ്.പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങിയതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.
മരിച്ചയാളും കീഴടങ്ങിയവരും ബന്ധുക്കളാണെന്നാണ് പോലീസ് നൽകുന്ന വിവരം. അമ്മയെ ഉപദ്രവിക്കുന്നത് തടയുന്നതിനിടെ കോടാലി കൊണ്ട് ആക്രമിച്ചെന്നാണ് 15-ഉം 17-ഉം വയസ്സുള്ള കുട്ടികൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് ഒദ്യോഗികമായി സ്ഥീരികരിക്കുന്നില്ല.
ചാക്കിൽക്കെട്ടിയ മൃതദേഹം ഇവർ താമസിച്ച വീടിന് സമീപമുള്ള പൊട്ടക്കിണറ്റിൽ കൊണ്ടിടുകയായിരുന്നു. വലതുകാൽ മുറിച്ച നിലയിലായിരുന്നു മൃതദേഹം. അമ്പലവയൽ ടൗണിനടുത്തുളള ആശുപത്രിക്കുന്ന് പരിസരത്ത് നിന്നാണ് കാൽ കണ്ടെത്തിയത്. 15 വർഷത്തോളമായി ആയിരം കൊല്ലിയിൽ താമസിക്കുന്ന മുഹമ്മദും കുടുംബവും സമീപവാസികളുമായി നല്ല ബന്ധമായിരുന്നില്ലെന്നാണ് വിവരം.
കൽപ്പറ്റ ഡിവൈഎസ്പി എംഡി സുനിലിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

