കോഴിക്കോട്: ബേപ്പൂരിന്റെ തീരത്ത് പടക്കപ്പൽ; കാണികളിൽ ആവേശം

കോഴിക്കോട്: ബേപ്പൂരിന്റെ തീരത്ത് പ്രതിരോധത്തിന്റെ ഗാംഭീര്യവുമായി ഐ എൻ എസ് കാബ്രയും കോസ്റ്റ് ഗാർഡിന്റെ ആര്യമാനും. ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായാണ് ഇരു കപ്പലുകളും ബേപ്പൂരിലെത്തിയത്.  കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്താനും കപ്പലി‍ന്റെ ഉൾക്കാഴ്ചകൾ കാണാനും അവസരം ഒരുക്കുന്നതിന് പുറമേ നാവികസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ അടുത്തറിയാനുമാണ് ബേപ്പൂരിൽ കപ്പൽ പ്രദർശനം നടക്കുന്നത്. കേട്ടു പരിചയം മാത്രമുള്ള പടക്കപ്പലിന്റെ ഉള്ളിൽ കയറാനായതോടെ കാഴ്ചക്കാരും ആവേശഭരിതരായി. ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇരു കപ്പലുകളും സന്ദർശിച്ചു. 

കടൽക്കൊള്ളക്കാർക്കെതിരേ പോരാടുന്നതിലും കടൽ പട്രോളിങ്, തിരച്ചിൽ രക്ഷാ ദൗത്യങ്ങളിലും  ശ്രദ്ധേയമായ നാവികസേന പടക്കപ്പലാണ് കാബ്ര. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയ തോക്കുകളും മറ്റു സംവിധാനങ്ങളുമാണ് കാബ്രയിലുള്ളത്. കാബ്രയുടെ ക്യാപ്റ്റൻ  കമാൻഡർ എസ്. കെ.സിങ്.

കൊച്ചിയിൽനിന്നാണ് ‘ആര്യമാൻ’ കപ്പൽ ബേപ്പൂർ തുറമുഖത്ത് എത്തിയത്.  കപ്പലിന്റെ ക്യാപ്റ്റൻ  ലെഫ്. കമാൻഡർ സുധീർ കുമാറാണ്.  

ആദ്യ ദിവസത്തെ പ്രദർശനത്തിന് ശേഷം കാബ്ര തിരിച്ചു പോകും. വരും ദിവസങ്ങളിൽ ആര്യമാൻ കപ്പലിൽ പ്രവേശനം ഉണ്ടായിരിക്കും. രാവിലെ 9.30 മുതൽ വൈകീട്ട് നാല് വരെയായിരിക്കും പ്രവേശനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →