കോഴിക്കോട്: ചാലിയാറിനു മുകളിൽ തുമ്പിയെപോലെ പറന്നു നടക്കുന്ന ജല സാഹസികത ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ വേറിട്ട അനുഭവമായി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫ്ലയിങ് ബോർഡ് പ്രദർശനമാണ് ശ്രദ്ധേയമായത്. വെള്ളത്തെ തൊട്ടും തലോടിയും മുങ്ങാംങ്കുഴിയിട്ടും വായുവിൽ ഉയർന്നു പൊങ്ങിയും സാഹസികർ ബേപ്പൂരിന്റെ തീരത്തെയും കാണികളെയും ആവേശം കൊള്ളിച്ചു. കണ്ടുനിന്നവരിൽ ചിലർ കൈയ്യടികളും ആഘോഷ ആരവങ്ങളും മുഴക്കിയപ്പോൾ മറ്റു ചിലർ മൂക്കത്ത് വിരൽ വെച്ച് അമ്പരപ്പോടെ നോക്കി നിന്നു. വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിലാണ് ഫ്ലയിങ് ബോർഡ് പ്രദർശനം നടന്നത്. ജില്ലയിൽ ആദ്യമായാണ് ഫ്ലയിങ് ബോർഡ് പ്രദർശനം നടക്കുന്നത്.