കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ദീര്‍ഘദൂരയാത്രികരായ സ്ത്രീകള്‍ക്കൊപ്പം ബന്ധുക്കളായ പുരുഷന്മാരുണ്ടാകണമെന്നു താലിബാന്‍ ഭരണകൂടം.ഹ്രസ്വദൂര യാത്രയ്ക്കു നിബന്ധന ബാധകമല്ല. 72 കിലോമീറ്ററിലധികം യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കൊപ്പം ബന്ധുക്കളായ പുരുഷന്മാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നു മതകാര്യമന്ത്രാലയമാണു വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനുപുറമേ വാഹനയാത്രികരായ സ്ത്രീകള്‍ ഹിജാബ് ധരിച്ചിട്ടുണ്ടെന്ന് എല്ലാ വാഹന ഉടമകളും ഉറപ്പാക്കണമെന്നും മന്ത്രാലയ വക്താവ് സാദെഖ് അകീഫ് മുഹാജിര്‍ ചൂണ്ടിക്കാട്ടിയതായി എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. ഇതിനുപുറമേ യാത്രയ്ക്കിടെ വാഹനങ്ങളില്‍ സംഗീതം കേള്‍പ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.സ്ത്രീകള്‍ അഭിനേതാക്കളായ കണ്ണീര്‍ പരമ്പരകളടക്കം നിര്‍ത്തിവയ്ക്കാന്‍ ടെലിവിഷന്‍ ചാനല്‍ മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണു പുതിയ നിബന്ധനയുമായി താലിബാന്‍ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. ചാനല്‍ അവതാരകരായ വനിതാ ജേണലിസ്റ്റുകള്‍ ഹിജാബ് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.