മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ദലാല്‍ സ്ട്രീറ്റില്‍ ഉത്സവാന്തരീക്ഷം തെളിഞ്ഞു. നാല് മാസത്തെ താഴ്ചയില്‍ നിന്നും രണ്ട് ദിവസത്തിനിടെ 3 ശതമാനത്തിലേറെ പ്രധാന സൂചികകള്‍ തിരിച്ചുപിടിച്ചു. സെന്‍സെക്സ് 611.55 പോയിന്റ് ഉയര്‍ന്ന് 56,930.56 ലും നിഫ്റ്റി 184.70 പോയിന്റ് ഉയര്‍ന്ന് 16955.50 ലും ക്ലോസ് ചെയ്തു. 2365 ഓഹരികള്‍ ഇന്നലെ നേട്ടമുണ്ടാക്കിയപ്പോള്‍ 885 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 102 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ആഗോള വിപണിയിലെ കുതിപ്പാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.
എല്ലാ വിഭാഗം ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, മെറ്റല്‍, ബാങ്കിങ് ഓഹരികളാണ് ഏറ്റവും മുന്നേറിയത്. 1 മുതല്‍ 3 ശതമാനം വരെ നേട്ടം ദൃശ്യമായിരുന്നു. മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളും നിക്ഷേപ താത്പര്യം പ്രകടിപ്പിച്ചു. ഒരു ശതമാനത്തിലേറെ സൂചികകളും മുന്നേറി. നിഫ്റ്റി 90 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരുവേള നിഫ്റ്റി വീണെങ്കിലും 16,800 നിലവാരം കാത്തുസൂക്ഷിച്ചു. തുടര്‍ന്ന് 16850 നിലവാരത്തില്‍ ഏറെ നേരം തങ്ങിനിന്ന ശേഷം അവസാന മണിക്കൂറില്‍ 16950-നും മുകളിലേക്ക് സൂചികകള്‍ കുതിപ്പ് നടത്തുകയായിരുന്നു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ഡിവിസ് ലബോറട്ടറീസ്, ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, വിപ്രോ, അദാനി പോര്‍ട്സ്, ഐഒസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. സെക്ടറല്‍ സൂചികകളെല്ലാം നേട്ടമുണ്ടാക്കി. ഓട്ടോ, ബാങ്ക്, റിയല്‍റ്റി, കാപിറ്റല്‍ ഗുഡ്സ്, ഫാര്‍മ, ഓയ്ല്‍ ആന്‍ഡ് ഗ്യാസ്, പവര്‍, മെറ്റല്‍ സൂചികകള്‍ 1-3 ശതമാനം നേട്ടമുണ്ടാക്കി. ബി.എസ്.ഇ. മിഡ്കാപ്, സ്മോള്‍കാപ് സൂചിക 1 ശതമാനം ഉയര്‍ന്നു.