കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതിയായ ജോളി ജോസഫ് ജയിലിനകത്ത് ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ആളൂർ. ഇതുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് ജോളിയുടെ വിടുതൽ ഹർജി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ച് വാദം കേൾക്കുന്നതിനിടെയാണ് സംഭവം.
ജോളിയുടെ അഭിഭാഷകനായ അഡ്വ ആളൂരാണ് ഈ വാദം ഉന്നയിച്ചത്. കൂടത്തായിയിലെ മറ്റ് കേസുകൾക്ക് ബലം നൽകാൻ ജയിലിനകത്തു വച്ച് മുറിവേറ്റത് പോലീസ് ആത്മഹത്യ കേസാക്കി മാറ്റിയതാണെന്ന് ജോളിയുടെ അഭിഭാഷകൻ ആളൂർ വാദിച്ചു. വിടുതൽ ഹർജിയിൽ വിധിപറയാൻ കേസ് ഡിസംബർ 28 ലേക്ക് മാറ്റി.
അതിനിടെ ജോളി ജോസഫിൽ നിന്നും ഭർത്താവ് ഷാജു സക്കറിയ നേരത്തെ വിവാഹമമോചനം തേടിയിരുന്നു. കോഴിക്കോട് കുടുംബക്കോടതിയിൽ ഒക്ടോബറിലാണ് വിവാഹമോചന ഹർജി നൽകിയത്. ആറ് കൊലപാതക കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്.