പത്തനംതിട്ട: ശുചീകരണവും ബോധവത്കരണ പരിപാടികളും കൊണ്ട് പുണ്യം പൂങ്കാവനം പദ്ധതി പരിസ്ഥിതി സൗഹൃദ തീര്‍ഥാടനം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നു. പ്ലാസ്റ്റിക് മാലിന്യം സന്നിധാനത്തും പമ്പയിലും എത്തുന്നത് പരമാവധി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സന്നിധാനത്ത് പുണ്യം പൂങ്കാവനത്തിന്റെ ചുമതലയിലുള്ള ഡി.വൈ.എസ്.പി എം. രമേഷ് കുമാര്‍ പറഞ്ഞു. ഇരുമുടിക്കെട്ടിനുള്ളിലെ പ്ലാസ്റ്റിക് പൊതികള്‍ പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ പോലും മഞ്ഞള്‍പ്പൊടി, ഭസ്മം തുടങ്ങിയവയുടെ പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍ ഒഴിവാക്കുന്നുണ്ട്. ശബരിമലയിലെത്തുന്ന അയ്യപ്പന്‍മാര്‍ ഒരു മണിക്കൂര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക എന്ന സന്ദേശം പൊതുവില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
സന്നിധാനത്ത് ഡി വൈ എസ്.പി എം.രമേഷ് കുമാര്‍, ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം. ഗോപി, ആംഡ് സബ് ഇന്‍സ്‌പെക്ടര്‍ വി. അനില്‍ കുമാര്‍ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, അഖില ഭാരത അയ്യപ്പ സേവാസംഘം തുടങ്ങിയവരും എല്ലാദിവസവും നടക്കുന്ന ശുചീകരണത്തിന് നേതൃത്വം കൊടുക്കുന്നുണ്ട്. നിലയ്ക്കലും പമ്പയിലും ശുചീകരണ, ബോധവത്കരണ പരിപാടികള്‍ ഒരേ സമയം നടന്നുവരുന്നുണ്ട്.
പ്രകൃതി സംരക്ഷക്കിക്കുക, ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പുണ്യം പൂങ്കാവനം പദ്ധതി രൂപീകരിക്കപ്പെട്ടിട്ട് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ വിപുലമായ രീതിയില്‍ ബോധവത്കരണം സാധ്യമായിട്ടുണ്ട്. പ്രകൃതിക്കും വന്യജീവികള്‍ക്കും ദോഷകരമാകാത്ത തീര്‍ഥാടനം എന്ന ലക്ഷ്യത്തിലേക്ക് ഇത് മുന്നേറിക്കൊണ്ടിരിക്കുകയാണ്.