പത്തനംതിട്ട: ശബരിമലയുടെ ശുചീകരണവും വഴിപാടിന്റെ ഭാഗമാക്കി മാറ്റണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. ജില്ലാ ഭരണകേന്ദ്രവും ഹരിത കേരള മിഷനും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയും ചേര്‍ന്ന് ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ നടത്തുന്ന ‘ശുചീകരണ വഴിപാട്’ പദ്ധതി പമ്പയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീര്‍ഥാടന കേന്ദ്രം ശുചിയാക്കുക എന്നത് ഭക്തരുടേയും ഉത്തരവാദിത്തമാണ്. ശുചീകരണ പദ്ധതിയില്‍ എല്ലാ തീര്‍ഥാടകരുടേയും സഹകരണം വേണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
വിശുദ്ധി സേനാംഗങ്ങളുമായി ചേര്‍ന്ന് പമ്പയില്‍ അയ്യപ്പന്റെ പൂങ്കാവനം ശുചിയാക്കുന്നതിന് തീര്‍ഥാടകര്‍ക്കും അവസരം നല്‍കുന്നതാണ് ശുചീകരണ വഴിപാട് പദ്ധതി. സ്വച്ഛം ഹരിതം ശബരിമലയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്ന തീര്‍ഥാടകര്‍ക്ക് തുളസിച്ചെടി സൗജന്യമായി നല്‍കും. പമ്പയില്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്നവര്‍ നടുന്ന തുളസിച്ചെടികള്‍ കൊണ്ട് തുളസി വനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ പമ്പയില്‍ ആരംഭിക്കുന്ന പദ്ധതി പിന്നീട് സന്നിധാനത്തേക്കും വ്യാപിപ്പിക്കും. 25 വര്‍ഷം പൂര്‍ത്തിയാക്കിയ വിശുദ്ധി സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍, ദേവസ്വം ബോര്‍ഡ് അംഗം മനോജ് ചരളേല്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, പമ്പ സ്പെഷല്‍ ഓഫീസര്‍ അജിത് കുമാര്‍, തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പ എ ഇ ഗോപകുമാര്‍, ഫെഡറല്‍ ബാങ്ക് ലിമിറ്റഡ് റീജിയണല്‍ ഹെഡ് പി.എ. ജോയി, പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ് സിറോഷ് ജോണ്‍, പമ്പ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എ.വി. ജോസ്, വിശുദ്ധി സേന ലീഡര്‍ കെ. രാജു, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.