തൃശ്ശൂർ: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ഈ മാസം 15,16 തിയ്യതികളിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ബോധവൽക്കരണ പരിപാടി നടക്കും. ബുധനാഴ്ച ഉച്ച കഴിഞ്ഞ് 1.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ റവ സിസ്റ്റർ ഡോ വത്സ എം എ പരിപാടി ഉദ്ഘാടനം ചെയ്യും.
വിവിധ ബാങ്കിംഗ് സേവനങ്ങൾ, സുരക്ഷിത എ ടി എം ഉപയോഗം, സ്വന്തമായി അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം, സമ്പാദ്യശീലം, സമ്പാദ്യ പദ്ധതികൾ, ഓൺലൈൻ ഇടപാടുകളിൽ പുലർത്തേണ്ട ജാഗ്രത, വ്യാജ കറൻസി നോട്ടുകൾ എങ്ങനെ തിരിച്ചറിയാം, വിദ്യാഭ്യാസ വായ്പകൾ, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്ന കുറഞ്ഞ പ്രീമിയം നിരക്കിലുള്ള ഇൻഷുറൻസ് പദ്ധതികൾ എന്നിവയെക്കുറിച്ച് തൃശൂർ ജില്ലാ സാമ്പത്തിക സാക്ഷരതാ കൗൺസിലർ വി ആർ രാമചന്ദ്രനും എസ് ബി ഐയിലെ സീനിയർ ഓഫീസർമാരും ക്ലാസ്സെടുക്കും. ആധാർ കാർഡ് മാത്രം കൊണ്ട് വന്നാൽ, സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും എസ് ബി ഐ ഒരുക്കിയിട്ടുണ്ടെന്ന് തൃശൂർ ഫീൽഡ് ഔട്ട്റീച്ച് ബ്യുറോ ഡെപ്യൂട്ടി ഡയറക്ടർ ജോർജ് മാത്യു അറിയിച്ചു. ഡിസംബർ 16 വ്യാഴാഴ്ച, ഉച്ച കഴിഞ്ഞ് 1.30 ന് കോവിഡ് 19 നെതിരെ തുടരേണ്ട ജാഗ്രതയെക്കുറിച്ച് മുതുവറ ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനിലെ മെഡിക്കൽ ഡയറക്റ്ററും പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ സിജു രവീന്ദ്രനാഥ് എം. ഡി ക്ലാസ്സെടുക്കും. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകും. തുടർന്ന് ആരോഗ്യ വകുപ്പിൽ 20 വർഷമായി പ്രവർത്തിക്കുന്ന കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിഞ്ചു സി ജേക്കബ്ബ് അനുഭവങ്ങൾ പങ്ക് വയ്ക്കും. കവി പ്രൊഫ ഒ എൻ വി കുറുപ്പിന്റെ അമ്മ എന്ന കവിതയെ അടിസ്ഥാനമാക്കി കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥിനികൾ നൃത്തശില്പം അവതരിപ്പിക്കും. പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരവും ഉണ്ടായിരിക്കും.