തിരുവനന്തപുരം: വിഭാഗീയക്കനലുകൾ സൃഷ്ടിച്ച അസ്വസ്ഥതകൾക്കിടെ സിപിഎം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നു. നേതൃതലത്തിൽ ഒറ്റക്കെട്ടായി നീങ്ങുമ്പോഴും കീഴ്ത്തട്ടിൽ പലേടത്തും പുകഞ്ഞുകത്തുകയാണ്. 23-ാം പാർട്ടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂരിൽ ഡിസംബർ 10 മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആദ്യ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.
ജില്ലയിൽ കീഴ്കമ്മിറ്റികളിലെ സമ്മേളനങ്ങൾ പൊതുവിൽ ശാന്തമായിരുന്നെങ്കിലും, തളിപ്പറമ്പിൽ ഏരിയാസമ്മേളനത്തിലെ തർക്കത്തിനൊടുവിൽ ഏരിയാകമ്മിറ്റി അംഗം കോമത്ത് മുരളീധരൻ പാർട്ടി വിട്ട് സിപിഐ യിലേക്ക് പോയത് വലിയ ചർച്ചയായി. ഇതേച്ചൊല്ലി സിപിഎം- സിപിഐ ജില്ലാ നേതൃത്വങ്ങൾ തമ്മിൽ കൊമ്പുകോർത്തു.പി.ജയരാജൻ അനുകൂലിയായി അറിയപ്പെടുന്ന മുരളീധരന്റെ രാജിക്ക് വലിയ രാഷ്ട്രീയമാനങ്ങളാണ് കല്പിക്കപ്പെടുന്നതും. ഇതുണ്ടാക്കിയ രാഷ്ട്രീയ ചലനങ്ങൾ ജില്ലാസമ്മേളനത്തിലും പ്രതിഫലിച്ചേക്കാം.
സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്ത് 2021 ഡിസംബർ 14 മുതലാണ് മൂന്ന് ദിവസത്തെ ജില്ലാസമ്മേളനം. വയനാട്ടിലും അതേ ദിവസങ്ങളിലാണ് സമ്മേളനം.നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തന വീഴ്ചയുടെ പേരിൽ കൂട്ട നടപടിയുണ്ടായ എറണാകുളം ജില്ലയിലെ സമ്മേളനങ്ങളിൽ കാര്യമായ തർക്കങ്ങളുണ്ടായില്ല .അതേസമയം, വയനാട്ടിലെ ഏരിയാസമ്മേളനങ്ങളിൽ വിഭാഗീയത രൂക്ഷമായി. വൈത്തിരി, കല്പറ്റ, സുൽത്താൻബത്തേരി, പുല്‍പ്പ ള്ളി ഏരിയാസമ്മേളനങ്ങളിലാണ് വിഭാഗീയത മറ നീക്കിയത് .വൈത്തിരിയിൽ ഏരിയാകമ്മിറ്റിയിലേക്ക് നടന്ന മത്സരത്തിൽ ഏരിയാ സെക്രട്ടറിയായിരുന്ന സി.എച്ച് മമ്മി പരാജയപ്പെട്ടത് അട്ടിമറിയായി. അദ്ദേഹം ഏരിയാകമ്മറ്റിയിൽ നിന്ന് പുറത്തായി .പുല്‍പ്പളളിയില്‍ മത്സരവും വെട്ടിനിരത്തലും വലിയ കോളിളക്കമുണ്ടാക്കി. നേതൃത്വത്തിന്റേത് ഏകപക്ഷീയ നടപടിയെന്നാരോപിച്ച് ഒരു ലോക്കൽ സെക്രട്ടറി ചുമതലകളിൽ നിന്ന് മാറി. ഒരു ബ്രാഞ്ച് കമ്മിറ്റിയൊന്നാകെ രാജി വച്ചു.രണ്ട് ലോക്കൽ കമ്മറ്റികൾ നിസ്സഹകരണത്തിലും.
പാലക്കാട് ജില്ലയിലെ കുഴൽമന്ദം ഏരിയാസമ്മേളനത്തിൽ ഔദ്യോഗിക പാനലിലുണ്ടായിരുന്ന കോങ്ങാട് എംഎൽഎ ശാന്തകുമാരിയടക്കം തോറ്റു. ചെർപ്പുളശ്ശേരിയിൽ ഔദ്യോഗിക പാനലിലെ 13 പേരെയും പരാജയപ്പെടുത്തിയത് മുൻ എംഎൽഎ പി കെ ശശി അനുകൂലികളാണ്.തൃത്താലയിൽ ഏരിയാ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ നറുക്കിടേണ്ടി വന്നു.തിരുവനന്തപുരത്ത് വിളവൂർക്കലിൽ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ തെരുവിൽ പരസ്യമായി ഏറ്റുമുട്ടി.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിൽ പരസ്യപ്രകടനം നടത്തിയതിന് കൂട്ടനടപടിയുണ്ടായ പൊന്നാനിയിൽ ഏരിയാസമ്മേളനത്തിൽ മുൻമന്ത്രി ഇമ്പിച്ചിബാവയുടെ മകൻ ഇ കെ ഖലീലടക്കം നാലുപേർ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചു. കോഴിക്കോട് പേരാമ്പ്രയിലും കക്കോടിയിലും കോഴിക്കോട് സൗത്തിലും ഏരിയാസമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരമുണ്ടായി. തിരഞ്ഞെടുപ്പുകാലത്തെ പരസ്യപ്രകടനത്തിന്റെ പേരിൽ നടപടിയുണ്ടായ കുറ്റ്യാടി മേഖലയിലുൾപ്പെടെയാണിത്.
തർക്കം രൂക്ഷമായ ആലപ്പുഴയിലെ ചില ലോക്കൽ സമ്മേളനങ്ങൾ മാറ്റിവയ്ക്കേണ്ടി വന്നു.സി പി എമ്മിന് സമ്മേളനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ ഏരിയാ സെക്രട്ടറിയുണ്ടായി. വയനാട്ടിലെ മീനങ്ങാടി ഏരിയാ സെക്രട്ടറി എം.പി.കുഞ്ഞുമോൾ. ലോക്കൽ, ഏരിയാ സമ്മേളനങ്ങളിലുടനീളം പൊലീസിനും ആഭ്യന്തര, ആരോഗ്യ വകുപ്പുകൾക്കുമെതിരെയായിരുന്നു വിമർശനമേറെ.

