മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് തടയണമെന്നു ഷാഹിദ കമാല്‍ കോടതിയില്‍

തിരുവനന്തപുരം∙ വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ ലോകായുക്ത നിർദേശം. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പാണ് ഷാഹിത ഹാജരാക്കിയത്. ഇതു പോരെന്നും സർട്ടിഫിക്കറ്റുകളോടൊപ്പം മുൻപ് ലഭിച്ച മാർക്കു ലിസ്റ്റുകളും അനുബന്ധ രേഖകളും ഹാജരാക്കാനും കോടതി നിർദേശിച്ചു.

മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത് തടയണമെന്നു ഷാഹിദ കമാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തൽക്കാലം പരിഗണനയ്ക്കെടുത്തില്ല. കേസിലെ വാദം 2021 ഡിസംബർ 10 വെള്ളിയാഴ്ചയും തുടരും.തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മിഷൻ അംഗമാകാനും ഷാഹിദ കമാൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയെന്നാണ് പരാതിക്കാരി അഖില ഖാന്റെ വാദം. വിദ്യാഭ്യാസ യോഗ്യത വ്യാജമായത് കൊണ്ടാണ് യഥാർഥ രേഖകൾ കോടതിയിൽ ഹജരാക്കാതെ പകർപ്പുകൾ ഹാജരാക്കുന്നതെന്നും പരാതിക്കാരി ആരോപിക്കുന്നു. പരാതിക്കെതിരെ ഷാഹിദ കമാൽ നൽകിയ സത്യവാങ്മൂലത്തിലെ കാര്യങ്ങൾ പിന്നീട് അവർ തന്നെ തിരുത്തുന്ന സാഹചര്യമുണ്ടായി.

2011ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ബികോം ബിരുദമുണ്ടെന്നു തെറ്റായി രേഖപ്പെടുത്തിയിരുനന്തായി ഷാഹിദ കമാൽ കോടതിയിൽ സമ്മതിച്ചു. 2016ൽ അണ്ണാമലൈ സ‍ർവകലാശാലയിൽനിന്നും ബിരുദവും അതിനു ശേഷം ബിരുദാനന്തര ബിരുദവും നേടിയെന്നും കോടതിയെ അറിയിച്ചു. സാമൂഹിക രംഗത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കു കസഖ്‌സ്ഥാൻ ഓപ്പൺ സർവകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ചെന്നും കോടതിയിൽ വ്യക്തമാക്കി.

ഷാഹിദ കമാൽ സാമൂഹിക രംഗത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾ കസഖ്സ്ഥാൻ സർവകലാശാല എങ്ങനെ അറിഞ്ഞെന്നു കോടതിനേരത്തെ സംശയമുന്നയിച്ചിരുന്നു. കേരളത്തിലെ സ‍ർവകലാശാല പ്രതിനിധി വഴിയാണ് ഡോക്ടറേറ്റ് നേടിയെന്നായിരുന്നു ഷാഹിദയുടെ അഭിഭാഷകന്റെ മറുപടി. ഹർജി പരിഗണിക്കാനുള്ള അവകാശം ലോകായുക്തയ്ക്ക് ഇല്ലായെന്നും വാദിച്ചു.

എന്നാൽ, ലോകായുക്‌ത നിയമത്തിൽ ഇതിനുള്ള ഉത്തരം ഉണ്ടെന്നു കോടതി വ്യക്തമാക്കി. ഡോക്ടറേറ്റ് സംബന്ധിച്ച കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. വിയറ്റ്നാം സർവകലാശാലയിൽ നിന്നും ഷാഹിദയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചുവെന്നാണ് സാമൂഹിക നീതി വകുപ്പ് നേരത്തെ വിവരാവകാശ പ്രകാരം നൽകിയിട്ടുള്ള മറുപടി. എന്നാൽ, കസഖ്സ്ഥാൻ സർവകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ചുവെന്ന് ഷാഹിദ അറിയിച്ചിട്ടുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →