കര്‍ഷക സമരം അവസാനിക്കുമോ: തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും മിനിമം താങ്ങുവില നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടും ഒരു വര്‍ഷത്തിലേറെയായി നടത്തിവരുന്ന സമരം പിന്‍വലിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍.താങ്ങുവില, പോലീസ് കേസുകള്‍ പിന്‍വലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണിത്. വിവാദകാര്‍ഷിക നിയമങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു.

കേന്ദ്രം മുന്നോട്ടുവച്ച പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നെന്നും ഇന്ന് 12 നു ചേരുന്ന യോഗത്തില്‍ സമരം പിന്‍വലിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും കര്‍ഷക നേതാവ് ഗുര്‍നാം സിങ് ചാരുണി പറഞ്ഞു.

കര്‍ഷകനേതാക്കളുടെ അഞ്ചംഗ സമിതി ഇന്നലെ യോഗം ചേര്‍ന്ന് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. സമരവുമായി ബന്ധപ്പെട്ടും വിള അവശിഷ്ടങ്ങള്‍ കത്തിച്ചതിന്റെ പേരിലും ആയിരക്കണക്കിനു കര്‍ഷകര്‍ക്കെതിരേ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കാമെന്നും കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. മിനിമം താങ്ങുവില സമിതിയില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയില്‍നിന്നുള്ളവരെ മാത്രമേ ഉള്‍പ്പെടുത്താവൂ എന്നും സമരം ചെയ്യുന്ന കര്‍ഷകര്‍ ആവശ്യമുന്നയിച്ചു.

സമരത്തിനിടെ മരിച്ച 700 കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കണ ആവശ്യം ഹരിയാന, യു.പി. സര്‍ക്കാരുകള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ വിവാദ വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കൂവെന്നു സര്‍ക്കാര്‍ ഉറപ്പുകൊടുത്തതായും സൂചനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →