തൃശ്ശൂർ: സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂർ ചെമ്പൂക്കാവ് സ്വദേശി വിപിനാണ് ആത്മഹത്യ ചെയ്തത്. സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിന് വിപിൻ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വായ്പക്കായി സമീപിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയായിരുന്നു ആത്മഹത്യ. ഈ ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.
06/12/21 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. രണ്ട് സെന്റിലാണ് ഇവരുടെ വീട്. എന്നാൽ, ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭിക്കണമെങ്കിൽ മൂന്ന് സെൻ്റിലധികം ഉണ്ടാവണമെന്നാണ് നിബന്ധന. അതുകൊണ്ട് തന്നെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭിച്ചില്ല.
എന്നാൽ, ഒരു സ്ഥാപനം പണം നൽകാമെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്ന് കുടുംബാംഗങ്ങളെ സ്വർണവും മറ്റ് വസ്ത്രങ്ങളും വാങ്ങാൻ പറഞ്ഞയച്ച വിപിൻ വായ്പ നൽകാമെന്നറിയിച്ച സ്ഥാപനത്തിലെത്തി. എന്നാൽ, ഇവിടെ നിന്ന് പണം നൽകാനാവില്ലെന്ന് അറിയിച്ചു. ഇതിനു പിന്നാലെ വീട്ടിലെത്തിയ വിപിൻ ജീവനൊടുക്കുകയായിരുന്നു. അമ്മയും മറ്റ് ബന്ധുക്കളും വീട്ടിലെത്തുമ്പോൾ വിപിൻ തൂങ്ങിമരിച്ച നിലയിലായിരുന്നു.
സ്വർണമെടുത്തിട്ട് വിപിനെ പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും തുടർന്ന് വീട്ടിലെത്തിയപ്പോൾ വിപിൻ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു എന്നും സഹോദരി പ്രതികരിച്ചു. അഞ്ച് വർഷം മുൻപ് പിതാവ് മരിച്ചതിനു ശേഷം കുടുംബത്തിൻ്റെ ചുമതലകളെല്ലാം നിർവഹിച്ചിരുന്നത് വിപിൻ ആയിരുന്നു.