ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സർക്കാർ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഇക്കാര്യത്തിൽ തീവ്രമായ അറിയിപ്പ് തമിഴ് നാടിന് നൽകും. ഇക്കാര്യത്തിൽ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും ജല വിഭവ മന്ത്രി വ്യക്തമാക്കി.
മേൽനോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്തത് സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാത്രി പത്തു മണിയോടെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിൻറെ അളവിൽ തമിഴ്നാട് കുറവ് വരുത്തിയിരുന്നു. രാത്രി പത്ത് മണിക്ക് മൂന്ന് ഷട്ടർ അടച്ചാണ് വെള്ളത്തിന്റെ അളവിൽ തമിഴ്നാട് കുറവ് വരുത്തിയത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 3906 ഘനയടി ആക്കിയാണ് കുറച്ചത്. അതേസമയം മുല്ലപ്പെരിയാർ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. 141.75 അടിയാണ് ഇപ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
നേരത്തെ ജലനിരപ്പ് ഉയർന്നതോടെ 2021 ഡിസംബർ 6 തിങ്കളാഴ്ച രാത്രി എട്ടരയോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തമിഴ്നാട് കൂടുതൽ ഉയർത്തിയിരുന്നു. ഒമ്പത് ഷട്ടറുകൾ 120 സെന്റി മീറ്റർ അധികമായാണ് ഉയർത്തിയത്. ഇതോടെ, 12654.09 ക്യുസെക്സ് ജലമാണ് പെരിയാറിലേക്കെത്തിയത്. ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിക്കുകയും ചെയ്തു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിക്കുകയും ചെയ്തു.
സാധാരണയിലും കൂടുതൽ വെളളം തുറന്ന് വിട്ടതോടെ പെരിയാറിലും ജലനിരപ്പ് ഉയർന്നു. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗർ, നല്ല്തമ്പി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറി. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതായി പീരുമേട് തഹസീൽദാർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ ക്രമീകരിച്ചു. എന്നാൽ ഇതുവരേയും ആരെയും ക്യാമ്പിലേക്ക് മാറ്റിയിട്ടില്ല. പലയിടത്തും ആളുകൾ ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.
അതിനിടെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുകയും ചെയ്തു. രാത്രി വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കേറിയതറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അഗസ്ത്യനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നു. വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയർന്നത്. വള്ളക്കടവിൽ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥൻക്ക് നേരെയും പ്രതിഷേധം ഉണ്ടായി.
അതേസമയം ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ തുറക്കുമെന്നും അറിയിപ്പുണ്ട്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാൻ തീരുമാനമായത്. തിങ്കളാഴ്ച ഒരു ദിവസം കൊണ്ട് ജലനിരപ്പിൽ 0.24 അടിയുടെ വർദ്ധനവ് ഉണ്ടായി. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്.