പെരിയ കേസിൽ കുറ്റപത്രം നൽകി സിബിഐ: പാർട്ടിയെ ഒറ്റപ്പെടുത്താനുള്ള നീക്കമെന്ന് സിപിഎം ജില്ലാ സെക്രട്ടറി

കാസർകോട്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരാണ് ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്താൻ കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.

അതേസമയം അറസ്റ്റിലായ പാർട്ടി പ്രവർത്തകരുടെ വീടുകളിലെത്തി സിപിഎം പിന്തുണ പ്രഖ്യാപിച്ചു. പെരിയ മുൻ കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ സന്ദർശനം നടത്തിയത്. അറസ്റ്റ് രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് പാർട്ടിയുടെ തീരുമാനം. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് പെരിയ ഇരട്ടക്കൊലക്കേസി സിബിഐയുടെ അറസ്റ്റെന്ന നിലപാടിലാണ് സിപിഎം. അതുകൊണ്ട് തന്നെയാണ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രൻ എന്നിവർ അറസ്റ്റിലായവരുടെ വീടുകളിലെത്തി നേരിട്ട് പിന്തുണ അറിയിച്ചതും. കഴിഞ്ഞ ആഴ്ച അറസ്റ്റിലായ അഞ്ച് പേരും നിരപരാധികളാണെന്ന് പാർട്ടി നേതൃത്വം ആവർത്തിച്ചു.

‘ സിപിഎം സമ്മേളന കാലത്താണ് ഏച്ചിലടക്കും ബ്രാ‍ഞ്ച് സെക്രട്ടറി അടക്കം അഞ്ച് പേരുടെ അറസ്റ്റും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമനെ അടക്കം കൂടുതൽ പ്രതിചേർക്കലും ഉണ്ടായിരിക്കുന്നത്. പ്രവർത്തകരുടെ മനോവീര്യം നഷ്ടമാകാതിരിക്കാനുള്ള ശ്രമങ്ങളിലാണ് നേതാക്കളിപ്പോൾ. ഇനി പൂർത്തിയാകാനുള്ള ഏരിയാ സമ്മേളനങ്ങളിൽ പെരിയെ കേസിലെ സിബിഐ നടപടി തന്നെയാവും നേതാക്കൾ പ്രധാനമായും വിശദീകരിക്കുക.

പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലക്കേസിൽ രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടുനിന്നുവെന്ന് സിപിഎം നേരത്തെ തന്നെ ആരോപിച്ചിരുന്നു. കോൺഗ്രസ്‌ പറഞ്ഞവരെ സിബിഐ പ്രതി ചേർത്തുവെന്നാണ് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ ആദ്യം തന്നെ ആരോപിച്ചത്. കേസിൽ സിപിഎമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും കൊലപാതകം പാർട്ടി അറിഞ്ഞതല്ലെന്നും പാർട്ടിയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

.ഉദമ മുൻ എംഎഎൽ കെ വി കുഞ്ഞിരാമൻ 20-ാം പ്രതിയാണ്. 14 പ്രതികളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരി 17നാണ് പെരിയയിൽ യുവാക്കളെ കൊലപ്പെടുത്തുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നത്.

Share
അഭിപ്രായം എഴുതാം