മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽ വേയിലെ ഷട്ടറുകളിൽ ഒരെണ്ണമൊഴികെയുള്ളവ അടച്ചു. രാത്രി പതിനൊന്നു മണിയോടെയാണ് അടച്ചത്. നിലവിൽ ഒരു ഷട്ടർ പത്തു സെന്റിമീറ്റർ മാത്രമാണ് തുറന്നിരിക്കുന്നത്. ഇതുവഴി സെക്കന്റില്‍ 142 ഘനയടി വെള്ളം ഒഴുകുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 141.85 അടിയായി.
വൈകുന്നരം ആറു മണി മുതൽ എട്ടര വരെ സെക്കന്റില്‍ 7300 ഘനയടിയോളം വെള്ളമാണ് തുറന്നു വിട്ടിരുന്നത്. ഇതേത്തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പ് അഞ്ചടിയിലധികം ഉയർന്നു. കടശ്ശിക്കാട് ആറ്റോരം ഭാഗത്തെ ചില വീടുകളിൽ ചെറിയ തോതിൽ വെള്ളം കയറി. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ നദിയിലെ ജലനിരപ്പും കുറഞ്ഞു.ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതോടെ ഷട്ടറുകൾ അടച്ചു തുടങ്ങി.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിനും തമിഴ്നാട് അതിർത്തിയിലുള്ള അപ്പർ മണലാർ ഭാഗത്തും പെയ്ത കനത്ത മഴയാണ് നീരൊഴുക്ക് വർദ്ധിക്കാൻ കാരണമായത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.66 അടിയായി