കോഴിക്കോട്: കൊയിലാണ്ടി സബ്ട്രഷറിക്ക് പുതിയ കെട്ടിടമുയരുന്നു. രണ്ട് കോടി രൂപയാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ അനുവദിച്ചത്. പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുക.
ഇപ്പോഴത്തെ കെട്ടിടം നിലനിൽക്കുന്ന സ്ഥലം റവന്യു വകുപ്പിന്റെ കൈയ്യിലായിരുന്നു. അതിൽ നിന്നും 9.30 സെന്റ് സ്ഥലം ട്രഷറി വകുപ്പിന് കൈമാറി കൊണ്ട് കളക്ടർ ഉത്തരവായിക്കഴിഞ്ഞു. തുടർനടപടികൾക്ക് വേഗത കൂട്ടുന്നതിന്റെ ഭാഗമായി കാനത്തിൽ ജമീല എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗം കൊയിലാണ്ടി നഗരസഭാ ടൗൺ ഹാളിൽ ചേർന്നു.
പുതിയ കാലത്തിനനുസരിച്ചുള്ള സൗകര്യപ്രദമായ കെട്ടിടം നിർമ്മിക്കാനുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കാൻ എം.എൽ.എ നിർദ്ദേശിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് എസ്റ്റിമേറ്റ് തയ്യാറാക്കുക. പുതിയ കെട്ടിടം നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി ഇപ്പോഴത്തെ ട്രഷറി താൽക്കാലികമായി വാടക കെട്ടിടത്തിലേക്ക് മാറേണ്ടതുണ്ട്. കൊയിലാണ്ടി നഗര കേന്ദ്രത്തിൽ തന്നെ സൗകര്യപ്രദമായ കെട്ടിടം കണ്ടെത്താനുള്ള നടപടികൾ നഗരസഭയുടെ സഹായത്തോടെ മുന്നോട്ട് നീക്കാനും യോഗത്തിൽ ധാരണയായി.
നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ കെ.ഷിജു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചെയർമാൻ അജിത് മാസ്റ്റർ, ജില്ലാ ട്രഷറി ഓഫീസർ എ.സലീൽ, തഹസിൽദാർ കെ.കെ പ്രസിൽ, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ മുഹമ്മദ് ഷെഫീഖ്, കൊയിലാണ്ടി സബ്ട്രഷറി ഓഫീസർ അബ്ദുൾ റഷീദ് ടി, പന്തലായനി വില്ലേജ് ഓഫീസർ ഇ.കെ ജയൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.