ഇടുക്കി : ഒരിടവേളക്കുശേഷം ഇടുക്കിജില്ലയിലെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹരം കാണണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി ഉപവാസ സത്യാഗ്രഹംഅനുഷ്ടിച്ചു. 2021 നവംബർ 30 ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെയായിരുന്നു സത്യഗ്രഹം. 101 കർഷകരെ അണിനിരത്തി നെടുംകണ്ടം കിഴക്കേ കവലയിലാണ് സത്യാഗ്രഹം സംഘടിപ്പിച്ചത്.
ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, ജില്ലയിലെ നിർമാണ നിരോധന ഉത്തരവ് പിൻവലിക്കുക, പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകി സർക്കാർ മുമ്പിറക്കിയ ഉത്തരവ് പിഴവുകൾ പരിഹരിച്ച് വീണ്ടും ഇറക്കുക, വനവിസ്തൃതികൂട്ടാൻ വനംവകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ നിർത്തലാക്കുക, വന്യജീവി ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിക്കുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
രക്ഷാധികാരി ആർ മണിക്കുട്ടന്റെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹ പരിപാടി മാർ മാത്യു അറക്കൽ ഉദ്ഘാടനം ചെയ്തു. എം.എംമണി എംഎൽഎ, ഡിസിസി സെക്രട്ടറി അഡ്വ.സേനാപതി വേണു, കേരള കർഷക സംഘം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, സിപിഐ അസി.ജില്ലാ സെക്രട്ടറി സി.യു ജോയി, അഡ്വ. ജോയിസ് ജോർജ് എക്സ് എം.പി, ജോസ് പാലത്തിനാൽ കേരള കോൺഗ്രസ് (എം)ജില്ലപ്രസിഡന്റ്, പ്രൊഫസർ എംജെ ജേക്കബ്ബ് (കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് , മാത്യു വർഗീസ് കേരളകർഷക ക്ഷേമ നിധി ബോർഡ് മെമ്പർ, അഡ്വ.കെ.ടി മൈക്കിൾ എൻസിപി ജില്ലാ പ്രസിഡന്റ്, സിബി മൂലേപ്പറമ്പിൽ ജനാധിപത്യ കേരള കോൺഗ്രസ്ജില്ലാ പ്രസിഡന്റ്, ജോൺസൺ കൊച്ചുപറമ്പിൽ കേരള ജനപക്ഷം ജില്ലാ പ്രസിഡന്റ്, കെ.പി.ഹസൻ വ്യാപാരി വ്യവസായി സമിതി ജില്ലാ ജനറൽ സെക്രട്ടറി എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ സ്വാഗതവും തോമസ് പൊന്നമ്പേൽ നന്ദിയും പറഞ്ഞു.

