ഭിന്നശേഷിക്കാര്‍ക്കുയള്ള ക്ഷേമ പദ്ധതികള്‍; ബോധവത്കരണം ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു
ആലപ്പുഴ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ പ്രയോജനം അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിത ബോധവത്കരണം നടപ്പാക്കണമെന്ന് സാമൂഹ്യ നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാരുടെ സാമൂഹിക പുനരധിവാസം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്നുണ്ട്. സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കുന്ന സഹജീവനം പദ്ധതി ഇതില്‍ ഏറെ ശ്രദ്ധേയമാണ്. ഇത്തരം പദ്ധതികളെക്കുറിച്ച് എല്ലാ ഭിന്നശേഷിക്കാരെയും അറിയിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍ അനിവാര്യമാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നിര്‍വഹിക്കുന്നുണ്ട്.
ശാരീരിക പരിമിതികളെ അതിജീവിക്കുന്നതിന് സഹായകമായ നൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള ഉപകരണങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കാന്‍ സാധിക്കുന്നത് വലിയ നേട്ടമാണ്. ഭിന്നശേഷി സൗഹൃദാന്തരീക്ഷത്തില്‍ കേരളത്തെ രാജ്യത്ത് എറ്റവും മുന്നിലെത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം-മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. വനിതകള്‍ക്ക് മന്ത്രിയും പുരുഷന്‍മാര്‍ക്ക് എച്ച്. സലാം എം.എല്‍.എയും സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു.
ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി. ബാബുവും സാമൂഹ്യ നീതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എസ്. ജലജയും മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ടി.എസ്. താഹ, എ. ശോഭ, വത്സല ടീച്ചര്‍, എം.വി. പ്രിയ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എ.ഒ. അബീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2021-22ലെ വാര്‍ഷിക പദ്ധതി വിഹിതം വിനിയോഗിച്ച് ജില്ലാ സാമൂഹ്യ നീതി ഓഫീസ് മുഖേനയാണ് പദ്ധതി നിര്‍വ്വഹണം നടത്തിയത്.