കോഴിക്കോട്∙ മത്സ്യവിൽപന നടത്തുന്നതിനിടെ വീട്ടമ്മയെ മർദിച്ച ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടുവയൽ കോളനി സ്വദേശി നിധീഷിനെയാണ് വയനാട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്. പരുക്കേറ്റ കക്കോടി സ്വദേശിനി ശ്യാമിലി ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. മദ്യപിക്കാൻ പണം നൽകാത്തത്തിന്റെ പേരിലായിരുന്നു ആക്രമണം.
2021 നവംബർ 27 ശനിയാഴ്ച രാവിലെയാണ് സംഭവം. ശ്യാമിലി അശോകപുരത്ത് മത്സ്യവിൽപന നടത്തുകയായിരുന്നു. നിധീഷ് മദ്യപിക്കാൻ പണം ചോദിച്ചെങ്കിലും ശ്യാമിലി കൊടുത്തില്ല. ഇതിന്റെ ദേഷ്യത്തിലാണ് വൈകിട്ട് മദ്യപിച്ച് എത്തി മീൻ തട്ട് മറിച്ചിട്ട് ശ്യാമിലിയുടെ മുഖത്തും കഴുത്തിലും ചവിട്ടിയത്. സഹപ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും അതൊന്നും വക വയ്ക്കാതെ ആയിരുന്നു മർദനം.
അതേസമയം, പൊലീസ് യഥാസമയം കേസെടുക്കാൻ തയാറാകാത്തതിനാലാണ് അതിക്രമം ഇത്രയും കാലം സഹിക്കേണ്ടി വന്നതെന്നു ശ്യാമിലി ആരോപിച്ചു. ശ്യാമിലിയുടെ ഇരുചക്ര വാഹനവും നിതീഷ് തകർത്തിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വാദം

