ലണ്ടൻ: കോവിഡ് വാക്സിനുകളുടെ കാലാവധി ഒമ്പതു മാസമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ . പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ പരിഗണിക്കാമെന്നും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നിർദേശിച്ചിരുന്നു. ഇതിനായി പുതിയ ആഭ്യന്തര യാത്രാമാനദണ്ഡങ്ങൾ തയ്യാറാക്കുമെന്ന് യൂറോപ്യൻ യൂണിയൻ ജസ്റ്റിസ് കമ്മിഷണർ ദിദിയർ റെയ്ൻഡേർസ് പറഞ്ഞു.
വ്യക്തികളുടെ വാക്സിൻ വിവരങ്ങൾ, രോഗമുക്തി നില, രാജ്യങ്ങളിലെ കോവിഡ് കേസുകളുടെ നില എന്നിവ ഇതിന്റെ ഭാഗമാകും. നിർദിഷ്ട മാനദണ്ഡങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റുകളുടെ സാധുതയ്ക്കായി സമയപരിധി നിശ്ചയിക്കും. യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് ബൂസ്റ്റർ ഡോസിന് പ്രാധാന്യം നൽകും. അതേസമയം, ബൂസ്റ്റർ ഷോട്ട് സർട്ടിഫിക്കറ്റുകൾക്ക് സമയപരിധി നിർദേശിക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറായിട്ടില്ല.

