കാസർകോട്: മുന്‍കൂര്‍ അനുമതിയില്ലാതെ മാനേജ്‌മെന്റ് സ്‌കൂള്‍ കൈമാറ്റം: സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

കാസർകോട്: മുന്‍കൂര്‍ അനുമതിയില്ലാതെ വസ്തുവകകളോടെ സ്‌കൂളുകളുടെ മാനേജ്‌മെന്റ് കൈമാറ്റം സംബന്ധിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2021 നവംബര്‍ 24 ലെ  ജിഡിഇഎന്‍-എഫ്2/85/2021ജി.ഇഡിഎന്‍ സര്‍ക്കുലര്‍ പ്രകാരം, സര്‍ക്കുലര്‍ തീയതിക്കു മുന്‍പ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്‍കൂര്‍ അനുമതിയോടെയല്ലാതെ നടത്തിയ കൈമാറ്റങ്ങള്‍ സാധൂകരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടു വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ അവകാശ തര്‍ക്കങ്ങളോ സിവില്‍ കേസുകളോ നിലവിലില്ലാത്തവ ക്രമപ്രകാരമാണെങ്കില്‍ മാത്രം 200 രൂപയില്‍ കുറയാത്ത മുദ്രപത്രത്തില്‍ അപേക്ഷകരില്‍നിന്നു സത്യവാങ്മൂലം വാങ്ങി വിശദമായി പരിശോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശ സഹിതം ഒരു മാസത്തിനകം സര്‍ക്കാരില്‍ സമര്‍പ്പിക്കണം. സര്‍ക്കുലര്‍ തീയതിക്കു ശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തുന്ന സമാന സ്വഭാവമുള്ള കൈമാറ്റങ്ങള്‍ അംഗീകരിക്കില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മുന്‍കൂര്‍ അനുമതി തേടാതെ നടത്തിയ മാനേജ്‌മെന്റ് കൈമാറ്റം സാധൂകരിക്കുന്നതിനായുള്ള നിരവധി അപേക്ഷകള്‍ ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →