ദോഹ: അടുത്ത വര്‍ഷം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഇന്ത്യക്കാരുടെ കുത്തൊഴുക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണു ഖത്തര്‍. റഷ്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ 19,352 ടിക്കറ്റുകളാണ് ഇന്ത്യക്കാര്‍ സ്വന്തമാക്കിയത്.യു.എസും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യക്കാരായിരുന്നു മുന്നില്‍. ഖത്തറില്‍ തന്നെയുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ കളി കാണാനെത്തിയാല്‍ റഷ്യയിലെ റെക്കോഡ് മറികടക്കുമെന്നാണു ലോകകപ്പ് സംഘാടക സമിതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നാസല്‍ അല്‍ ഖാതെറിന്റെ പ്രതീക്ഷ. ഓരോ ലോകകപ്പിലും ഇന്ത്യക്കാരായ കാണികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ത്യക്ക് ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍നിന്നു മുന്നേറാനായില്ല.
ഖത്തര്‍ കൊച്ചു രാജ്യമാണെങ്കിലും കോടിക്കണക്കിനു വരുന്ന ഫുട്ബോള്‍ ആരാധകരെ താങ്ങാനാകുമെന്നു ഖാതെര്‍ പറഞ്ഞു. എല്ലാവര്‍ക്കുള്ള സൗകര്യങ്ങള്‍ തങ്ങള്‍ ഒരുക്കിയതായി അദ്ദേഹം അവകാശപ്പെട്ടു. അടുത്ത വര്‍ഷം നവംബര്‍ 21 നാണു ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുക. പക്ഷേ അത് ഇന്ത്യക്കാരായ കാണികളുടെ ഒഴുക്കിനു തടസമാകില്ല.

