മുംബൈ: ഐ.പി.ഒയില്‍ പേടിഎമ്മിന്റെ ദുര്‍ബലമായ ലിസ്റ്റിങ്. സൗദിയുടെ അരാംകോയുമായുള്ള ഓഹരി വില്‍പ്പന നിര്‍ത്തിവയ്ക്കാനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തീരുമാനം. എല്ലാം പ്രഹരമായതോടെ ഇന്നലെ ഇന്ത്യന്‍ വിപണികള്‍ വീണ്ടും വീണു.
ഏപ്രില്‍ 12ന് ശേഷം നിഫ്റ്റിയും സെന്‍സെക്സും ഏറ്റവും താഴ്ന്ന നിലയിലായി. ഇന്നലെ തുടര്‍ച്ചയായ നാലാം സെഷനിലും ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്സ് 1,170 പോയിന്റ് ഇടിഞ്ഞ് 58,466ലും നിഫ്റ്റി 50 സൂചിക 348 പോയിന്റ് താഴ്ന്ന് 17,416ലും വ്യാപാരം അവസാനിപ്പിച്ചു. വിദേശനിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയ്ക്കൊപ്പം മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതും ദലാല്‍ സ്ട്രീറ്റിലെ ഉയര്‍ന്ന ചാഞ്ചാട്ടത്തിന് കാരണമായി.
പേടിഎം ഓഹരികളുടെ ദുര്‍ബലമായ ലിസ്റ്റിങ്ങും തുടര്‍ന്നുള്ള രണ്ടാം ദിവസത്തെ വില്‍പ്പനയും വാരാന്ത്യത്തില്‍ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ പിന്‍വലിച്ചതും നിക്ഷേപകരെ വലച്ചതായി ഐ.ഡി.ബി.ഐ ക്യാപിറ്റലിലെ റിസര്‍ച്ച് മേധാവി എ. കെ. പ്രഭാകര്‍ പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സെന്‍സെക്സില്‍ ഏറ്റവും വലിയ ഇടിവ് നേരിട്ടു. 300 പോയിന്റ് ആണ് ഇടിഞ്ഞത്. ഓഹരിവില 4.4 ശതമാനം താഴ്ന്ന് അവസാനിച്ചത് 2,363ല്‍. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത് കെയര്‍, പ്രൈവറ്റ് ബാങ്ക്, മീഡിയ, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഓട്ടോ, ബാങ്ക് സൂചികകളും 2-4 ശതമാനം ഇടിഞ്ഞു.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 3 ശതമാനവും സ്മോള്‍ക്യാപ് 100 സൂചിക 2.74 ശതമാനവും ഇടിഞ്ഞു. മിഡ്, സ്മോള്‍ ക്യാപ് ഓഹരികള്‍ കടുത്ത വില്പന സമ്മര്‍ദമാണ് നേരിട്ടത്.ബജാജ് ഫിനാന്‍സ് ആണ് നിഫ്റ്റിയുടെ ഏറ്റവും വലിയ നഷ്ടം. ഓഹരി 5.6 ശതമാനം ഇടിഞ്ഞ് 7,065-ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബജാജ് ഫിന്‍സെര്‍വ്, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, ഇന്ത്യന്‍ ഓയില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, െടെറ്റന്‍, യു.പി.എല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, മാരുതി സുസുക്കി, ഐ.ടി.സി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് എന്നിവയും 3.5 ശതമാനം ഇടിഞ്ഞു.മറുവശത്ത്, ഭാരതി എയര്‍ടെല്‍ ഏകദേശം നാല് ശതമാനം മുന്നേറി.

