കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യത്തിന് ഉടൻ സ്റ്റേയില്ലെന്ന് സുപ്രീം കോടതി. മുൻകൂർ ജാമ്യം ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയിൽ പ്രതികള്‍ക്ക് നോട്ടീസ്. കേസില്‍ മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ് വിജയൻ, തമ്പി എസ് ദുർഗാ ദത്ത്, ആർ ബി ശ്രീകുമാർ, എസ് ജയപ്രകാശ് എന്നിവർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഗൂഢാലോചനക്കേസിൽ സിബി മാത്യൂസിനും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുൻ ഡിജിപി സിബി മാത്യൂസ്.
തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്നായിരുന്നു മുൻകൂർ ജാമ്യം ലഭിച്ച ശേഷം സിബി മാത്യൂസ് പ്രതികരിച്ചത്. ചാരക്കേസിൽ പ്രതിയായ നമ്പിനാരായണനെ ഇന്റലിജന്‍സ് ബ്യൂറോയുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും, ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബി മാത്യൂസിന്റെ വാദം. എന്നാൽ നമ്പിനാരായണനെ കസ്റ്റഡിൽ മർദ്ദിച്ചുവെന്നും സിബി മാത്യൂസിന്റെ അറസ്റ്റ് ഒഴിവാക്കുമെന്ന് ഉറപ്പു പറയാനാകില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത് സിബിഐയും വാദിച്ചു. സിബി മാത്യൂസിന്റെ ജാമ്യഹർജിയെ എതിർത്ത് നമ്പിനാരായണനും ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട മാലി വനിതകളും കക്ഷിചേർന്നിരുന്നു.