ന്യൂഡല്‍ഹി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിന്റെ ഫൈനലില്‍ തമിഴ്നാടും കര്‍ണാടകയും തമ്മില്‍ ഏറ്റുമുട്ടും. 22 നാണു ഫൈനല്‍. വിദര്‍ഭയെ നാലു റണ്ണിനു തോല്‍പ്പിച്ചാണു കര്‍ണാടക ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത വിദര്‍ഭയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. വിദര്‍ഭയുടെ പേസര്‍ ദര്‍ശന്‍ നാല്‍കാണ്ഡെ തുടര്‍ച്ചയായി നാല് വിക്കറ്റെടുത്തെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. ഓപ്പണര്‍മാരായ രോഹന്‍ കദം (56 പന്തില്‍ നാല് സിക്സറും ഏഴ് ഫോറുമടക്കം 87), നായകന്‍ കൂടിയായ മനീഷ് പാണ്ഡെ (42 പന്തില്‍ മൂന്ന് സിക്സറും രണ്ട് ഫോറുമടക്കം 54) എന്നിവരാണു കര്‍ണാടകയെ മികച്ച സ്‌കോറിലെത്തിച്ചത്. ഹൈദരാബാദിനെതിരേ എട്ട് വിക്കറ്റ് ജയം കുറിച്ചാണു തമിഴ്നാട് ഫൈനലില്‍ കടന്നത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 90 റണ്ണിന് ഓള്‍ഔട്ടായി. 21 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത പി. ശരവണ കുമാറാണു ഹൈദരാബാദിനെ തകര്‍ത്തത്. ശരവണ കുമാര്‍ രണ്ട് മെയ്ഡിന്‍ ഓവറുകളുമെറിഞ്ഞു. മുരുഗന്‍ അശ്വിന്‍, മുഹമ്മദ് മുഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവിശ്രീനിവാസന്‍ സായ് കിഷോര്‍ ഒരു വിക്കറ്റുമെടുത്തു. മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്കു മാത്രം വിക്കറ്റെടുക്കാനായില്ല. തമിഴ്നാട് 14.2 ഓവറില്‍ ജയം കരസ്ഥമാക്കി. ഹരി നിശാന്ത് (14), നാരായന്‍ ജഗദീശന്‍ (ഒന്ന്) എന്നിവരാണു പുറത്തായത്. സായ് സുദര്‍ശന്‍ (31 പന്തില്‍ 34), നായകന്‍ വിജയ് ശങ്കര്‍ (40 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 43) എന്നിവര്‍ പുറത്താകാതെനിന്നു.

