യൂറോപ്പില്‍ വീണ്ടും കൊവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ക്കും ലോക്ഡൗണിനുമെതിരെ ജനരോഷം ശക്തമാവുന്നു

ബർലിൻ: യൂറോപ്പില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു. ജര്‍മനി, റഷ്യ, ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്. ഓസ്ട്രിയയില്‍ കഴിഞ്ഞ ദിവസം ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ പല രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ആളുകള്‍ തെരുവിലിറങ്ങുകയാണ്. നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലാണ് ജനങ്ങള്‍ തെരുവിലിറങ്ങുകയും അക്രമം അഴിച്ച് വിടുകയും ചെയ്തത്.

നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാമിലെ ഹാഗില്‍ ആളുകള്‍ തെരുവിലിറങ്ങി വാഹനങ്ങള്‍ക്ക് തീയിടുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് പൊലീസ് ഹാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.

ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സില്‍ പലയിടങ്ങളിലും കലാപസമാനമായ അന്തരീക്ഷമാണുള്ളത്. ഹാഗില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് നെതര്‍ലന്‍ഡ്‌സലില്‍ മൂന്നാഴ്ചത്തെ ഭാഗിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാത്രി എട്ട് മണിക്ക് ശേഷം രാജ്യത്ത് ബാറുകളും റസ്റ്ററന്റുകളും തുറക്കാന്‍ അനുമതിയില്ല. കായിക മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിനും വിലക്കുണ്ട്. ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിലും പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ ആളുകള്‍ വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്.

രാജ്യവ്യാപകമായി 20 ദിവസത്തേയ്ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഫ്രീഡം എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധം.

യൂറോപ്പില്‍ കൊറോണ വൈറസ് വീണ്ടും പടര്‍ന്ന് പിടിക്കുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യസംഘടനയും പറഞ്ഞിരുന്നു. യൂറോപ്പിലാകെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചില്ലെങ്കില്‍ അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം പേര്‍ വരെ രോഗം കാരണം മരിക്കാന്‍ സാധ്യതയുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ റീജിയണല്‍ ഡയറക്ടര്‍ പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →