മകനെ കൊന്ന പ്രതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് 70 കാരനായ പിതാവ്

ചെന്നൈ : മകനെ കൊന്ന പ്രതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് വയോധികനായ പിതാവ്. കടലൂര്‍ സ്വദേശി മദനനാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടല്ലൂരിനടുത്തുള്ള കുള്ളപ്പ ഗൗണ്ടന്‍പെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കേസില്‍ 8 പേര്‍ കൂടി പിടിയിലാകാനുണ്ട്. തമിഴ്നാട് തേനി ഉത്തമപാളയത്താണ് സംഭവം.

തേനി ഉത്തമപാളയം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് മദനൻ. കഴിഞ്ഞ വര്‍ഷം ഉത്തമപാളയത്ത് ഭൂമിവില്‍പന സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കരുണാനിധിയുടെ മകൻ അഭിഭാഷകനായ രഞ്ജിത്ത് കുമാർ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയായിരുന്നു മദനന്‍. ജയിലിലായിരുന്ന മദനന്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

20/11/21 ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍നിന്നു സ്വന്തം ഓഫീസിലേക്കു ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. മദനന്റെ ബൈക്കില്‍ കാറിടിപ്പിച്ചു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ വടിവാള്‍ വീശി അകറ്റി നിര്‍ത്തിയതിനുശേഷമായിരുന്നു കൊലപാതകം. മരണം ഉറപ്പാക്കിയതിനുശേഷമാണു സംഘം മടങ്ങിയത്.

രക്ഷപ്പെട്ട അക്രമി സംഘത്തെ ദൂരങ്ങൾ താണ്ടി തടഞ്ഞാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. രഞ്ജിത്ത് കുമാറിന്റെ മരണത്തിനു പ്രതികാരം വീട്ടാന്‍ കരുണാനിധിയും മക്കളും നടത്തിയ ആസൂത്രിത കൊലയാണു മദനന്റേതെന്ന് പോലീസ് പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →