പാലക്കാട്: സിപിഎം ഒറ്റപ്പാലം ഏരിയാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിന് വിമർശനം. ഒറ്റപ്പാലം അർബൻ ബാങ്ക് ക്രമക്കേടിനെ ചൊല്ലിയാണ് വിമർശനം. മുൻ എംഎൽഎ ഹംസക്കെതിരെയുള്ള നടപടി റിപ്പോർട്ട് ചെയ്യാത്തതാണ് വിമർശനത്തിന് കാരണമായത്. നടപടി എന്തുകൊണ്ട് വൈകിയെന്നും വിമർശനമുയർന്നു. താക്കീത് ചെയ്ത നടപടിയെ അംഗങ്ങൾ പരിഹസിച്ചു. എത്ര കോടി കട്ടാലാണ് താക്കീതെന്നും പ്രതിനിധികൾ എത്ര കോടി കട്ടാലാണ് സസ്പെൻഷനെന്നുമായിരുന്നു അംഗങ്ങളുടെ പരിഹാസം. എം ഹംസയെ ഏഴു ലോക്കൽ കമ്മറ്റികൾ വിമർശിച്ചു. നാലു ലോക്കൽ കമ്മറ്റികൾ എം ഹംസയെ അനുകൂലിച്ചു.
സിപിഎം വർക്കല ഏരിയാ സമ്മേളനത്തിൽ ഇന്ന് സംഘർഷമുണ്ടായി. നാല് പേർക്ക് പരിക്കേറ്റു. ഏരിയാ കമ്മിറ്റിയിലേക്ക് മത്സരം നടത്താനും ശ്രമം നടന്നു. എട്ട് പേർ മത്സരിക്കാൻ തയ്യാറായി. മത്സര നീക്കം കടകംപളളി സുരേന്ദ്രൻ തടഞ്ഞു.
മത്സരം അനുവദിക്കാതെ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നടത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളായ അതുൽ, അബിൻ, വിഷ്ണു,അഖിൽ എന്നിവർക്ക് പരിക്കേറ്റു. നിലവിലെ ഏരിയാ കമ്മിറ്റിയിൽ നിന്ന് ആനാവൂർ നാഗപ്പൻ അനുകൂലികളായ മൂന്ന് പേരെ ഒഴിവാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പിന്നാലെ കെ ആർ ബിജു, നഹാസ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റിയാസ് വഹാബ് അടക്കം എട്ട് പേർ മത്സരിക്കാൻ എഴുന്നേറ്റു. എന്നാൽ സമ്മേളനം നിയന്ത്രിച്ച സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ മത്സരം തടയുകയായിരുന്നു.

