ലണ്ടന്‍: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം 13 ആയി.യൂറോപ്പിലെ യോഗ്യത മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായ ജര്‍മനി, ഡെന്മാര്ക്ക്, ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, സ്പെയിന്, സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഇം ണ്ട്, ഹോളണ്ട് എന്നിവരാണു ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യന്മാരായി യോഗ്യത നേടിയത്.ലാറ്റിന്‍ അമേരിക്കയില്‍നിന്ന് ബ്രസീലും അര്‍ജന്റീനയും ഇതുവരെ യോഗ്യത നേടി. ആതിഥേയര്‍ ആയ ഖത്തര്‍ യോഗ്യത നേടിയവരില്‍ പെടുന്നു. ആഫ്രിക്കയിലും ഏഷ്യയിലും യോഗ്യത മത്സരങ്ങള്‍ പുരോഗമിക്കുന്നു.
ആഫ്രിക്കയില്‍ യോഗ്യത റൗണ്ടിന്റെ അവസാന ഘട്ടമാണ്. മൊറോക്കോ, സെനഗല്‍, ഘാന, ഈജിപ്ത്, മാലി, കോംഗോ, നൈജീരിയ, അള്‍ജീരിയ, കാമറൂണ്‍, ടുണീഷ്യ എന്നിവരാണ് ഫൈനല്‍ റൗണ്ടിലുള്ള പത്തു ടീമുകള്‍.
യൂറോപ്പില്‍ പന്ത്രണ്ടു ടീമുകള്‍ പ്ലേ ഓഫില്‍ മത്സരിക്കുന്നുണ്ട്. പോര്‍ചുഗല്‍, ഇറ്റലി, സ്കോട്ട്്ലന്‍ഡ്, റഷ്യ, സ്വീഡന്, വെയ്ല്‍സ്, പോളണ്ട്, നോര്‍ത്ത് മസിഡോണിയ, തുര്‍ക്കി, യുക്രൈന്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക് എന്നിവരാണ് പ്ലേ ഓഫില്‍ മത്സരിക്കുന്നത്.
അവരില്‍നിന്നു മൂന്ന് ടീമുകള്‍ യോഗ്യത നേടും. ഡി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ യുക്രൈന് ബോസ്നിയ ഹെര്സഗോവ്നിയയെ 2-0 ത്തിനു തോല്‍പ്പിച്ചാണു പ്ലേ ഓഫ് ഉറപ്പാക്കിയത്. എട്ട് കളികളില്‍നിന്നു 12 പോയിന്റാണ് അവര്‍ നേടിയത്. ഒന്നാം സ്ഥാനക്കാരായ നിലവിലെ ലോക ചാമ്പ്യന്‍ ഫ്രാന്‍സിന് 18 പോയിന്റാണ്. അവസാന മത്സരത്തില്‍ ഫ്രാന്‍സ് ഐസ്ലന്ഡിനെ 2-0 ത്തിനു തോല്‍പ്പിച്ചു. ഫ്രാന്‍സിനു വേണ്ടി കാരിം ബെന്‍സൈമയും കിലിയന്‍ എംബാപ്പെയും ഗോളടിച്ചു.ഇ ഗ്രൂപ്പില്‍ ലോക ഒന്നാം നമ്പര്‍ ബെല്‍ജിയത്തെ സമനിലയില്‍ കുടുക്കിയാണു വെയ്ല്‍സ് രണ്ടാം സ്ഥാനത്തെത്തിയത്. 20 പോയിന്റ് നേടിയ ബെല്‍ജിയം ഒന്നാമതാണ്. വെയ്ല്‍സിന് 15 പോയിന്റാണ്. കെവിന് ഡി ബ്രൂയിനിലൂടെ ബെല്‍ജിയം മുന്നിലെത്തിയിരുന്നു. കെയ്ല്‍ മൂര്‍ 32-ാം മിനിറ്റില്‍ വെയ്ല്‍സിനു വേണ്ടി സമനില ഗോളടിച്ചു. എ ഗ്രൂപ്പ് മത്സരത്തില്‍ സെര്‍ബിയയോട് 2-1 ന് അപ്രതീക്ഷിതമായി തോറ്റതോടെയാണു പോര്‍ചുഗലിനു പ്ലേ ഓഫ് കളിക്കേണ്ടി വന്നത്. എട്ട് മത്സരങ്ങളില്‍നിന്ന് 20 പോയിന്റ് നേടിയ സെര്‍ബിയ ഒന്നാം സ്ഥാനവും യോഗ്യതയും ഉറപ്പാക്കി.

