പാലക്കാട്: കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് തുടക്കമായി. കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ടൂർ പാക്കേജ് സംഘടിപ്പിക്കുന്നത്.
പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആരംഭിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കലക്ടർ മൃൺമയി ജോഷി നിർവഹിച്ചു.
യാത്രാ സംഘം പ്രഭാത ഭക്ഷണത്തിനായി പോത്തുണ്ടിയിൽ നിർത്തുകയും തുടർന്ന് 10 ന് വരയാടുമല വ്യൂ പോയിന്റിലേക്കെത്തുകയുമുണ്ടായി. 10.30 ഓടെ അടുത്ത വ്യൂ പോയിന്റായ സീതാർകുണ്ടിലേയ്ക്ക് തിരിച്ചു. രാത്രി എട്ടോടെ തിരിച്ച് പാലക്കാട് എത്തുന്ന വിധത്തിലാണ് ഉല്ലാസയാത്ര ക്രമീകരിച്ചിരിക്കുന്നത്. ബുക്ക് ചെയ്തവരിൽ പൊതുജനങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ്, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ വി. സഞ്ജീവ് കുമാർ, വിജിലൻസ് ഇൻസ്പെക്ടർ ഇൻ -ചാർജ് വിജയകുമാർ, ഇൻസ്പെക്ടർ പി.എസ്. മഹേഷ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഫ്ലാഗ് ഓഫ് കർമ്മത്തിൽ പങ്കെടുത്തു.
വരയാടുമല, സീതാര്‍കുണ്ട്, കേശവന്‍ പാറ വ്യൂ പോയന്റുകള്‍, ഗവ. ഓറഞ്ച് ഫാം, പോത്തുപാറ തേയില എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നിവിടങ്ങളാണ് സംഘം സന്ദർശിക്കുക. മുൻകൂട്ടി ബുക്ക് ചെയ്യുന്ന 35 പേരടങ്ങുന്നതാണ് ഒരു ടൂർ പാക്കേജ്. ഒരാള്‍ക്ക് 600 രൂപയാണ് ചാര്‍ജ്ജ്. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം എന്നിവയും ഇതിലുള്‍പ്പെടും. സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും പാലക്കാട് – നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495450394, 9947086128, 9249593579.